ഇടുക്കി: മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളമാണ് തുറന്ന് വിടുന്നത്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2385.46 അടിയും മുല്ലപ്പെരിയാർ ജലനിരപ്പ് 138.85 അടിയുമാണ്. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്‌പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്‍റെ അളവ് വർധിപ്പിച്ചതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്ന സാഹചര്യത്തിൽ ഇന്ന് (08/08/2022) 02.00 മണി മുതൽ ചെറുതോണി ഡാമിന്‍റെ ഷട്ടർ നമ്പർ.2, 3, 4 എന്നിവ 100 സെന്‍റി മീറ്റർ വീതം ഉയർത്തി 200 ക്യുമെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും.
ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്താനാണ് നിർദേശം. സെക്കൻഡില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നേരത്തെ ഇടുക്കിയിൽ മൂന്ന് ഷട്ടറുകളിലൂടെ സെക്കൻഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരുന്നത്.
അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചാണ് തുറന്നു വിടുന്ന അളവിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. തുറന്നുവിടേണ്ട സാഹചര്യം വന്നാൽ അദ്യഘട്ടത്തിൽ 1,50,000വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ട് ലക്ഷവുമായിട്ടായിരിക്കും പരിധി ഉയർത്തുകയെന്ന് നേരത്തെ അറിയിച്ചിരുന്നു.
മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും ഇന്നലെ(07.08.2022) 3545 ഘനയടിയായി വർധിപ്പിച്ചിരുന്നു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളുടെ ( V1,V2, V3, V4, V5, V6,V7,V8, V9 &V10) കൂടെ ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂടാതെ എല്ലാ ഷട്ടറുകളും ഇന്ന്(08.08.2022) 10.00 മണി മുതൽ അധികമായി 0.60 മീറ്റർ വീതം ഉയർത്തി ആകെ 4957.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇടുക്കി ഡാം: കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി, വലിപ്പത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമാണ്. 1961ലാണ് അണക്കെട്ടിനായുള്ള രൂപകൽപ്പന തയ്യാറാക്കിയത്. 1969 ഏപ്രില്‍ 30ന് ഇടുക്കി അണക്കെട്ടിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുടർന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ ഡാമില്‍ 1973 ഫെബ്രുവരിയില്‍ ജലം സംഭരിക്കാന്‍ തുടങ്ങി. ആദ്യ ട്രയല്‍ റണ്‍ 1975 ഒക്ടോബര്‍ 4ന് നടന്നു.
1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്‌തത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. നിലവിൽ 2383.53 അടിയാണ് അപ്പർ റൂൾ ലെവൽ. ഇടുക്കി അണക്കെട്ടിനൊപ്പം ചെറുതോണി, കുളമാവ് എന്നീ അണക്കെട്ടുകൾ ചേരുന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.
ഇടുക്കിയിൽ കൊലുമ്പൻ എന്ന ആദിവാസിയുമായി നായാട്ടിനെത്തിയ ഡബ്ല്യൂ. ജെ. ജോൺ ആണ് ഇടുക്കി ഡാമിന്‍റെ സൃഷ്‌ടിക്ക് പിന്നിൽ. കുറവൻമലയെയും കുറത്തിമലയേയും ബന്ധിപ്പിച്ച് കമാന ആകൃതിയിൽ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്.
Also read: തുറന്നത് 11 തവണ മാത്രം; ഷട്ടർ ഇല്ലാത്ത ഇടുക്കി ഡാം ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്