എറണാകുളം: മലവെള്ളപ്പാച്ചലിൽ ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനികളിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് സന്ദർശനം നടത്തി. കല്ലേലിമേട്, തലവച്ചപാറ, മണികണ്‌ഠൻ ചാൽ എന്നിവിടങ്ങളിലാണ് എംപി സന്ദർശനം നടത്തിയത്. ബ്ലാവന കടത്തിൽ നിന്ന് വഞ്ചിയിലും പിന്നീട് കാനനപാതയിലൂടെ ജീപ്പിലും സഞ്ചരിച്ച് എത്തിയ എംപിക്ക് മുന്നിൽ ദുരിതങ്ങളുടെ പെരുമഴയുമായി പ്രദേശവാസികൾ എത്തി.
ദിവസങ്ങളോളം പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കല്ലേലിമേട്, തലവച്ചപാറ നിവാസികൾ. കടുത്ത മഴയിലും ഉരുൾപൊട്ടലിലും പ്രദേശം ഒറ്റപ്പെട്ട് പോയപ്പോൾ മുന്നൂറോളം ആളുകളുടെ ഏക ആശ്രയമായിരുന്ന റേഷൻ കട വെള്ളത്തിലായതും പ്രദേശവാസികളെ ദുരിതത്തിലാക്കി. തലവച്ചപാറയിലെ ആദിവാസി കുടിയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളും പ്രദേശവാസിയായ സന്തോഷിന്‍റെ തകര്‍ന്ന വീടും എംപി സന്ദർശിച്ചു. മരങ്ങളും കല്ലുകളും ഒഴുകി വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ട സന്തോഷും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കുട്ടമ്പുഴ പഞ്ചായത്തിലെ തന്നെ മറ്റൊരു പ്രദേശമായ മണികണ്‌ഠൻ ചാലും പൂയംകുട്ടിയാറിന് കുറുകെയുള്ള മഴയിൽ മുങ്ങിയ ചപ്പാത്തും ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. ചപ്പാത്ത് മുങ്ങിയത് മൂലം മണികണ്‌ഠൻ ചാൽ പ്രദേശത്തെ ഗ്രാമവാസികളും ആദിവാസികളും ദിവസങ്ങളോളം പുറംലോകവുമായി ബന്ധപ്പെടുവാനുള്ള കരമാർഗം അടഞ്ഞ അവസ്ഥയിലായിരുന്നു. മറുകര കടന്ന് മണികണ്‌ഠൻ ചാൽ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ എത്തിയ എംപിക്ക് വെള്ളം കയറി മുങ്ങിയ ചപ്പാത്തിലൂടെ കടന്ന് പോകാൻ സാധിക്കാതെ മടങ്ങി. ഉരുൾപൊട്ടലിൽ കൃഷിസ്ഥലങ്ങളും വീടുകളും നശിക്കപ്പെട്ടവർക്ക് നഷ്‌ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.