ഇടുക്കി: ഇടമലക്കുടിയുടെ വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. കോളനികളുടെ സമഗ്ര വികസനത്തിനായി പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇടമലക്കുടി കോളനിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ നന്ദിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപിയായ ശേഷം ആദ്യമായാണ് ഡീന്‍ കുര്യാക്കോസ് സംസ്ഥാനത്തെ ഏക ഗോത്രപഞ്ചായത്തായ ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇഡലിപ്പാറയില്‍ എത്തിയ എംപിക്ക് ഗോത്ര നിവാസികള്‍ പരമ്പരാഗത രീതിയിലാണ് സ്വീകരണമൊരുക്കിയത്.
വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവുള്‍പ്പെടെ ഒമ്പതിന ആവശ്യങ്ങള്‍ ഗോത്രനിവാസികള്‍ എംപിക്ക് മുമ്പാകെ ഉന്നയിച്ചു. സൊസൈറ്റിക്കുടി, മുളക് തറക്കുടി തുടങ്ങിയ കോളനികളിലും ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനം നടത്തി. നാല് മണിക്കൂറോളം ഡീന്‍ കുര്യാക്കോസ് ഇടമലക്കുടിയില്‍ ചിലവഴിച്ചു. പഞ്ചായത്ത് സെക്രട്ടറി, ട്രൈബല്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍, വനംവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി എംപി ചര്‍ച്ച നടത്തി. ഗതാഗത സൗകര്യങ്ങളുടെ കുറവും കാട്ടുമൃഗ ശല്യവും വിവരസാങ്കേതിക വിദ്യകളുടെ അഭാവവുമാണ് ഗോത്രനിവാസികള്‍ പ്രധാനമായി മുമ്പോട്ടുവെച്ച പ്രധാന പ്രശ്‌നങ്ങള്‍.