ഇടുക്കി: ഭൂവിനിയോഗം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് ഇടുക്കിയിലെ കര്‍ഷകര്‍ക്കെതിരെയുള്ള കരിനിയമമാണെന്ന് ഇടുക്കി എം.പി അഡ്വ.ഡീന്‍ കുര്യാക്കോസ്. കഴിഞ്ഞമാസം 22ന് പുറത്തിറക്കിയ ഇടുക്കിയിലെ ഭൂവിനിയോഗം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുമ്പോഴാണ് ഡീന്‍ കുര്യാക്കോസ് നിലപാടുമായി രംഗത്തെത്തിയത്. വിഷയത്തില്‍ ജില്ലയിലെ മന്ത്രിയുള്‍പ്പെടെയുള്ള ഇടതുപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണം. ഇടുക്കിയിലെ ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവിറക്കിയതെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്‍റെ കൂടാതെ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉത്തരവിനെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നും തുടര്‍ സമരങ്ങളുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ജില്ലയില്‍ 15 സെന്റ് വരെയുള്ള പട്ടയ ഭൂമിയിലെ 1500 ചതുരശ്ര അടിയില്‍ താഴെയുള്ള കെട്ടിടങ്ങള്‍ ക്രമപ്പെടുത്തി നല്‍കുന്നതോടൊപ്പം പരിധിക്ക് വെളിയിലുള്ളവ ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും തീരുമാനം.