ഇടുക്കി: മലയോരകര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്‍റെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്. ഇടുക്കി പാക്കേജ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും തുടർനടപടികൾ ഉണ്ടാവുകയോ കർഷകർക്ക് പ്രയോജനം ലഭിക്കുകയോ ചെയ്തില്ല. പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ ജനപ്രതിനിധിയെന്ന നിലയിൽ സർക്കാരിന് തന്റെ സഹകരണമുണ്ടാകുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു. ഇടുക്കിയിലെ വിവിധ ദുരിതബാധിത മേഖലകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെയും രക്ഷാ പ്രവർത്തനങ്ങൾക്കെതിരെയും നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾ ശരിയല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. അടിമാലി ടൗണിലെയും മന്നാങ്കാലയിൽ വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളം കയറിയ കുടുംബങ്ങളുടെ ദുരിതം ചോദിച്ചറിഞ്ഞു. ശേഷം കുഞ്ചിത്തണ്ണിയും ബൈസൺവാലിയുമുൾപ്പെടുന്ന പ്രദേശങ്ങളും സന്ദർശനം നടത്തിയ എംപി ദുരിതബാധിതരുടെ പ്രശ്നങ്ങൾ വിലയിരുത്തി. മാങ്കുളവും ദേവികുളവും മൂന്നാറുമുൾപ്പെടുന്ന മേഖലകളിലും കഴിഞ്ഞ ദിവസം അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.