ഇടുക്കി: വാഴവരയിൽ 28കാരിയായ അമ്മയും മൂന്ന് പെൺമക്കളും ഏലത്തോട്ടത്തിൽ സാരി മറച്ചുകെട്ടി കഴിഞ്ഞ സംഭവത്തിൽ ചൈൽഡ്‌ലൈൻ ശിശു ക്ഷേമ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കുട്ടികളുടെ തുടർവിദ്യാഭ്യാസവും അമ്മ ഉൾപ്പെടെ ഇവരുടെ സംരക്ഷണത്തിനാവശ്യമായ തീരുമാനം എടുക്കുന്നതിനാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് കൈമാറിയത്. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനും ചൈൽഡ്‌ലൈന്‍ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഏലത്തോട്ടത്തില്‍ കഴിഞ്ഞത് ഒരാഴ്‌ച: കട്ടപ്പന നഗരസഭയിൽ ഉൾപ്പെട്ട വാഴവരയിലാണ് മൂന്നും അഞ്ചും ഏഴും വയസുള്ള പെൺമക്കളുമായി യുവതി ഒരാഴ്‌ചയോളം ഏലത്തോട്ടത്തിനുള്ളിൽ കഴിഞ്ഞത്. നാലുവശത്തും സാരി വലിച്ചുകെട്ടി നിലത്ത് പായ വിരിച്ചാണ് അമ്മയും മക്കളും ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയത്. ഏതാനും നാളുകളായി തിരുവനന്തപുരം സ്വദേശിയായ ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയും കുട്ടികളും വാഴവരയിൽ സഹോദരന്‍റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
കുടുംബ പ്രശ്‌നത്തെ തുടർന്നാണ് മക്കളുമായി യുവതി സഹോദരന്‍റെ വീടുവിട്ടിറങ്ങി അടുത്തുള്ള ഏലത്തോട്ടത്തിൽ അഭയം പ്രാപിച്ചത്. ടോൾ ഫ്രീ നമ്പറിലേയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചൈൽഡ്‌ലൈൻ വാർഡ് കൗൺസിലറെ ആദ്യം വിവരം അറിയിച്ചു. കൗണ്‍സിലറും നാട്ടുകാരുമെത്തിയാണ് ഇവർ കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തിയത്.
അര മണിക്കൂറിനുള്ളിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ സ്ഥലത്ത് എത്തുകയും ജോലിക്ക് പോയ യുവതിയെ വിളിച്ചു വരുത്തി മൂന്ന് കുട്ടികളെയും സുരക്ഷിത ഇടത്തേയ്ക്ക് മാറ്റുകയായിരുന്നു. അമ്പലക്കവലയിലെ സംരക്ഷണ കേന്ദ്രത്തിലാണ് അമ്മയും കുട്ടികളും ഇപ്പോൾ കഴിയുന്നത്. ശിശുക്ഷേമ സമിതിയുടെ അന്വേഷണത്തിന് ശേഷമാകും പെൺകുട്ടികളുടെ തുടർ വിദ്യാഭ്യാസ കാര്യത്തിലും മറ്റു കാര്യങ്ങളിലും തീരുമാനമെടുക്കുക. വാഴവരയിലെ സർക്കാർ സ്‌കൂളില്‍ പെൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ സ്‌കൂളില്‍ പോയി തുടങ്ങിയിരുന്നില്ല.