ഇടുക്കി: മെഡിക്കല്‍ കോളജിലൂടെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ജില്ലയില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൊവിഡ് ചികിത്സയ്ക്കായി നിര്‍ത്തിവെച്ച കിടത്തി ചികിത്സാ സൗകര്യവും അത്യാഹിത വിഭാഗവും ആധുനിക സംവിധാനങ്ങളോടെ പുനരാരംഭിക്കുന്നതിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി ബോര്‍ഡിന്‍റെ ധനസഹായത്തോടെ മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ സേവനം ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. 2022-23 അധ്യയന വര്‍ഷം മെഡിക്കല്‍ കോളജില്‍ ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള അംഗികാരത്തിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ചടങ്ങില്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സന്നിഹിതനായിരുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമമാണിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ചികിത്സാ വിഭാഗങ്ങളിലും ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.