ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിന്‍റെ വികസനം നാടിന്‍റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളജിലെ ചികിത്സാരംഗത്തും വിദ്യാഭ്യാസ രംഗത്തും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി. ഇടുക്കി മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയതിന് ആദരവർപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളജിന്‍റെ വികസനത്തിനായി ബജറ്റിൽ കൂടുതൽ പണം അനുവദിച്ചിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മിഷൻ ചൂണ്ടിക്കാണിച്ച പോരായ്‌മകൾ കുറേയേറെ പരിഹരിച്ചു. ചിലതൊക്കെ പൂർത്തീകരണ ഘട്ടത്തിലാണ്. മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ കൂടുതല്‍ ആരോഗ്യ വിഭാഗങ്ങളോടെ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇനിയും സര്‍ക്കാരിന്‍റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
മെഡിക്കൽ കോളജിന്‍റെ വികസനത്തിന് തുടക്കത്തിൽ കെഎസ്‌ഇബി 10 കോടി നൽകിയത് വലിയ ആശ്വാസമായി. മുൻമന്ത്രിയും ഉടുമ്പഞ്ചോല എംഎൽഎയുമായ എം.എം മണിയാണ് ഇതിന് മുൻകൈയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.