ഇടുക്കി: കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ പാളപ്പെട്ടി ആദിവാസി മേഖലയിൽ യുവതി വെടിയേറ്റ് മരിച്ചു. ചന്ദ്രിക (34) ആണ് വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏകദേശം ഒമ്പത് മണിയോടു കൂടിയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മറയൂർ പൊലീസ് തുടർ നടപടികൾ ആരംഭിച്ചു.
ചന്ദ്രികയുടെ ബന്ധുവായ കാളിയപ്പന്‍, സുഹൃത്ത് മണികണ്ഠന്‍, മാധവന്‍ എന്നിവരെ മറയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളിയപ്പൻ ചന്ദനക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. ചന്ദനക്കടത്തിൽ ഇയാളുടെ പങ്കിനെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത് ചന്ദ്രികയാണ് എന്ന സംശയമാണ് കൊലയിലേയ്ക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്. പാളപ്പെട്ടികുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കൃഷി സ്ഥലത്ത് വച്ചാണ് സംഭവം.
വനാവശകാശ നിയമപ്രകാരം ലഭിച്ച ഈ സ്ഥലത്തെ കൃഷി കാട്ടാനകളും, വന്യജീവികളും നശിപ്പിക്കാറുള്ളതിനാൽ ഊരുവാസികൾ ഷെഡ്ഡ് കെട്ടി രാത്രികാലങ്ങളിൽ കാവലിരിക്കാറുണ്ട്. കഴിഞ്ഞ രാത്രി ചന്ദ്രികയും, കാളിയപ്പനും ഉൾപ്പെടെയുള്ളവരായിരുന്നു കാവലിന് പോയത്. പാറപ്പുറത്ത് തീ കൂട്ടി കാവലിരിക്കുന്നതിനിടെ പ്രകോപനമുണ്ടായ കാളിയപ്പൻ ചന്ദ്രികയെ വെടിവയ്‌ക്കുകയായിരുന്നു എന്നാണ് വിവരം. ഒപ്പമുണ്ടായവർ ബഹളം വച്ച് കുടിയിലുള്ളവരെ അറിയിക്കുകയും, കാളിയപ്പനെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.