ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി എൽ ഡി എഫിലെ ആശാ ആന്‍റണിയെ തെരഞ്ഞെടുത്തു. സി പി ഐ പ്രതിനിധിയായ ആശ ആന്‍റണി ഇനിയുള്ള 15 മാസക്കാലം പ്രസിഡന്റ് പദവി വഹിക്കും. സി പി എമ്മിലെ സാലി ജോളി മുന്നണി ധാരണ പ്രകാരം രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. വരണാധികാരിയായ ഡെപ്യൂട്ടി കലക്ടർ എലിസബത്ത് മാത്യൂസിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ആശാ ആന്‍റണി
ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് വിജയിച്ചത്. മുൻ പ്രസിഡന്‍റ് സാലി ജോളിയാണ് ആശ ആന്റണിയുടെ പേര് നിർദേശിച്ചത്. മുൻ വൈസ് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പിന്താങ്ങി. ബ്ലോക്ക് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പഞ്ചായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ആശാ ആന്‍റണി പറഞ്ഞു.
യു ഡി എഫിലെ വി ജി അമ്പിളിയായിരുന്നു എതിർസ്ഥാനാർഥി. ആദ്യത്തെ 43 മാസം സിപിഎമ്മിനും തുടർന്നുള്ള 17 മാസം സിപിഐയ്ക്കും പ്രസിഡന്റ് പദവി നൽകാനും അക്കാലയളവിൽ വൈസ് പ്രസിഡന്റ് പദവി പരസ്പരം പങ്കിടാനുമായിരുന്നു മുന്നണി ധാരണ. 13 അംഗ പഞ്ചായത്തിൽ എൽ ഡി എഫിന് ഏഴും യു ഡി എഫിന് ആറും അംഗങ്ങളാണ് ഉള്ളത്. ഇതില്‍ സിപിഎമ്മിന് അഞ്ചും സിപിഐയ്ക്ക് രണ്ടും അംഗങ്ങളാണുള്ളത്.