ഇടുക്കി: കാഞ്ചിയാറില്‍ വീട്ടില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി പൊലീസിന് സൂചന ലഭിച്ചു. ഇയാളുടെ ഫോണ്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ നിന്ന് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ഇതിന് ശേഷം കട്ടപ്പന ഡിവൈഎസ്‌പി പി നിഷാദ് മോന്‍റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
എന്നാൽ പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല. മരണപ്പെട്ട അനുമോളുടെ (പി ജെ വത്സമ്മ) മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍ത്താവ് ബിജേഷ്, കട്ടപ്പന ബിവറേജസ് ഷോപ്പിന് മുമ്പില്‍ വച്ച് പരിചയപ്പെട്ട വ്യക്തിക്ക് 5000 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുകയായിരുന്നു.
ഭര്‍ത്താവ് നിരന്തരം തന്നെ പീഡിപ്പിക്കുന്നെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ ഫോണിലുള്ളത് കൊണ്ട് തന്നെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍. ഞായറാഴ്‌ചയാണ് സിം കാര്‍ഡ് ഊരിമാറ്റിയ ശേഷം മൊബൈല്‍ ഫോണ്‍ വിറ്റത്. ഇതിന് ശേഷമാണ് അനുമോളെ കാണാനില്ലെന്ന ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഫോണ്‍ ഉപേക്ഷിച്ചാണ് ബിജേഷ് ഒളിവില്‍ പോയത്. അതുകൊണ്ട് ഇയാളെ കണ്ടെത്തുകയെന്നത് പൊലീസിന് ഏറെ വെല്ലുവിളിയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുമോളുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെടുത്തത്.
ബിജേഷിന് ഡ്രൈവർ ജോലിയാണുള്ളത്. ഡ്രൈവർ ജോലി ആയതിനാൽ തന്നെ ഇയാൾക്ക് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ പരിചയമുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പരിചയക്കാരുടെ സഹായത്തോടെ ബിജേഷ് ഒളിവിൽ കഴിയാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാൽ അതേസമയം കുറ്റാരോപിതൻ സംസ്ഥാനത്ത് തന്നെ ഒളിവിൽ കഴിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്ന സാധ്യതയും പൊലീസ് മുന്നോട്ട് വയ്‌ക്കുന്നുണ്ട്.
അനുമോളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബിജേഷേിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌താൽ മാത്രമേ കൊല നടത്താനുള്ള കാരണവും കൊലപാതകം നടത്തിയ രീതിയും സംബന്ധിച്ച് വ്യക്തത ഉണ്ടാവുകയുള്ളൂ.
അനുമോള്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തരം ഗാര്‍ഹിക പീഡനം നേരിട്ടെന്നാണ് വിവരം. തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശമായ രീതിയില്‍ സംസാരിക്കുകയാണെന്നാണ് സന്ദേശം.
എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്‍റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണമെന്നാണ് അനുമോള്‍ സന്ദേശത്തില്‍ അറിയിച്ചത്.
അതേസമയം, വീടിനുള്ളില്‍ പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിന് അടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. മാർച്ച് ഇരുപത്തിയൊന്നാം തീയതിയാണ് ദിവസങ്ങൾ പഴക്കമുള്ള അനുമോളുടെ മൃതദേഹം ഭർത്താവിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ബിജേഷിന്‍റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ യുവതിയുടെ അച്ഛനും സഹോദരനും വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറിയതോടെയാണ് കട്ടിലിന്‍റെ അടിയിൽ നിന്ന് മൃതദേഹം ലഭിച്ചത്. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദര്‍ ഉള്‍പ്പടെയുള്ളവര്‍ പരിശോധന നടത്തി. മൃതദേഹം അഴുകി ജീര്‍ണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ശരീരം അഴുകിത്തുടങ്ങിയിരുന്നു. അതുകൊണ്ട് മരണം എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തതയില്ല.