ഇടുക്കി: വർഷങ്ങളായി കൃഷിയിറക്കി വന്നിരുന്ന ഭൂമിയിൽ കൃഷി നടത്തരുതെന്ന് കാണിച്ച് വൈദ്യുതി വകുപ്പ് അറിയിപ്പ് നൽകിയെന്ന പരാതിയുമായി കർഷകൻ രംഗത്ത്. കല്ലാർകുട്ടി തോട്ടാപ്പുര സ്വദേശി ജോർജാണ് ആക്ഷേപവുമായി രംഗത്തെത്തിയിട്ടുള്ളത്. വൈദ്യുതി വകുപ്പിന്‍റെ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ജോര്‍ജ് പറയുന്നു.
വെള്ളത്തൂവൽ പഞ്ചായത്ത് പരിധിയിൽ വരുന്ന കല്ലാർകുട്ടി തോട്ടാപ്പുരയിൽ കാരകൊമ്പിൽ ജോർജ് താമസമാരംഭിച്ചിട്ട് വർഷങ്ങളേറെയായി. അഞ്ചേക്കറോളം കൃഷിയിടമാണ് ജോർജിന് ഇവിടെയുള്ളത്. 2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് കൃഷിയിടത്തിൽ വ്യാപക നഷ്‌ടം സംഭവിച്ചു. അത്യധ്വാനത്താൽ ഈ ഭൂമി വീണ്ടും പൂർണതോതിൽ കൃഷിയോഗ്യമാക്കി വരുന്നതിനിടയിൽ കൃഷി നടത്തരുതെന്ന് കാണിച്ച് വൈദ്യുതി വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചുവെന്നാണ് ജോർജിന്‍റെ ആക്ഷേപം. വൈദ്യുതി വകുപ്പിന്‍റെ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി വകുപ്പിനെതിരെ വിമർശനവുമായി പ്രാദേശിക ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ നയത്തിനെതിരായി ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കാൻ ശ്രമിക്കുന്നുവെന്ന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തംഗം കെബി ജോൺസനും കുറ്റപ്പെടുത്തി. കല്ലാർകുട്ടി അണക്കെട്ടിന്‍റെ തീരങ്ങളിൽ താമസിക്കുന്ന നിരവധി കർഷകർ തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതും കാത്ത് കഴിയുന്നുണ്ട്. സർക്കാരിന്‍റെ ഭാഗത്തുനിന്നും അനുകൂല ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ മുന്നോട്ടുപോകുന്നത്. അതിനിടയിലാണ് വൈദ്യുതി വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായെന്നുള്ള ഈ നടപടി പ്രതിഷേധത്തിന് കാരണമാകുന്നത്.