ഇടുക്കി: ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നു. പ്രദേശത്തെ പുഴകളിലെയും തോടുകളിലെയും നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ആദ്യത്തെ ഷട്ടർ 15 സെന്‍റീമീറ്റര്‍ ഉയര്‍ത്തി, 15 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
കുണ്ടള അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്. അണക്കെട്ട് തുറന്ന് വിടുന്നതിന് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ജാഗ്രത മുന്നറിയിപ്പും ജില്ലാ കലക്ടര്‍ നല്‍കി. മഴ ശക്തമായതോടെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് ബൈസണ്‍വാലിയിൽ ഏലത്തോട്ടത്തില്‍ ഉരുള്‍പൊട്ടിയിരുന്നു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍ കണ്ട് ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്.