ഇടുക്കി: തലചായ്‌ക്കുവാൻ സ്വന്തമായി കൂരയോ ഒരു തുണ്ടു ഭൂമിയോ ഇല്ലാത്ത നിരവധി തോട്ടം തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ജില്ലയിൽ സർക്കാർ അനാസ്ഥയിൽ കാടുകയറി നശിക്കുന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍. വിവിധ വകുപ്പുകളുടെ കീഴിൽ എണ്ണിയാൽ തീരാത്തയത്ര കെട്ടിടങ്ങളാണ് അനാസ്ഥയെ തുടർന്ന് നാശത്തിന്‍റെ വക്കിലുള്ളത്. വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലേക്ക് എത്തിയിരുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും സൗകര്യങ്ങളോട് കൂടിയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളാണ് അനാഥമായിരിക്കുന്നത്.
സർക്കാർ കെട്ടിടങ്ങൾ നാശത്തിന്‍റെ വക്കിൽ
ജില്ലയിൽ പിന്നാക്കാവസ്ഥ നിലനിന്നിരുന്ന കാലത്ത് എല്ലാ സർക്കാർ ഓഫീസുകളോടും ചേർന്ന് ഉദ്യോഗസ്ഥർക്ക് താമസിക്കുവാൻ നിർമിച്ച കെട്ടിടങ്ങളാണ് പലതും. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുകയും ജില്ലയിൽ നിന്നുള്ള ജീവനക്കാർ തന്നെ സർക്കാർ തലങ്ങളിൽ ജോലിക്ക് എത്തിയതോടെ മറ്റു ജില്ലകളിൽ നിന്ന് ഇടുക്കിയിലേക്ക് എത്തുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതോടെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളും അതിഥി മന്ദിരങ്ങളും ആളനക്കമില്ലാതായി. കാലക്രമേണ ഇവ നാശത്തിന്‍റെ വക്കിലുമായി.
വൈദ്യുതി വകുപ്പിന് കീഴിൽ അധികം കെട്ടിടങ്ങളും
ഒരു ഡസനോളം അണക്കെട്ടുകളും പവര്‍ ഹൗസുകളുമുള്ള ജില്ലയിൽ ഇവയുടെ നിർമാണ കാലത്ത് തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും താമസിക്കുവാൻ നിർമിച്ചവയാണ് ഏറെയും. വൈദ്യുതി വകുപ്പിന് കിഴിലാണ് ഏറ്റവും അധികം കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നത്. ജലവൈദ്യുത പദ്ധതികളോട് ചേർന്നും നൂറുകണക്കിന് കെട്ടിടങ്ങൾ നാശത്തിന്‍റെ വക്കിലുണ്ട്. കെ.എസ് ഇ ബി കഴിഞ്ഞാൽ പൊതുമരാമത്ത് വകുപ്പാണ് രണ്ടാം സ്ഥാനത്ത്.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, സ്‌കൂളുകൾ, കൃഷിഭവനുകൾ തുടങ്ങി ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട് കോടികളുടെ കെട്ടിടങ്ങളാണ് നാശത്തെ നേരിടുന്നത്. കെട്ടിടങ്ങളുടെ വിലപ്പെട്ട വസ്‌തുക്കൾ ഇതിനകം മോഷ്‌ടാക്കൾ അപഹരിച്ചു. പല കെട്ടിടങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങൾക്കുള്ള താവളമായി മാറിയിട്ടുണ്ട്.
കണ്ട ഭാവം നടിക്കാതെ വകുപ്പുകൾ
ഈ കെട്ടിടങ്ങള്‍ പ്രാദേശിക ഭരണകൂടത്തിന് നല്‍കി നവീകരിച്ച് വിനോദ സഞ്ചാരികള്‍ക്കായി പ്രയോജനപ്പെടുത്തുകയോ വീടും സ്ഥലവുമില്ലാത്ത കുടുംബങ്ങള്‍ക്ക് നല്‍കുകയോ ചെയ്യണമെന്നാണ് പൊതു പ്രവര്‍ത്തകർ ആവശ്യപ്പെടുന്നത്. ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിന് സൗകര്യമൊരുക്കിയാല്‍ സര്‍ക്കാരിനും ഇതിലൂടെ വരുമാനമുണ്ടാക്കാന്‍ സാധിക്കും.
നിർധന കുടുംബങ്ങള്‍ക്ക് വാസയോഗ്യമാക്കി നല്‍കിയാല്‍ ജില്ലയിലെ ഭവന രഹിതരുടെ പ്രതിസന്ധിയും പൂര്‍ണമായി പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ നശിക്കുകയും വിലപിടിപ്പുള്ളതെല്ലാം മോഷ്‌ടാക്കൾ അപഹരിക്കുകയും ചെയ്‌തിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ് വിവിധ വകുപ്പുകൾക്ക്.