ഇടുക്കി: മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന ഇടുക്കി ഗ്യാപ് റോഡിലെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തം. വന്‍തോതിലുള്ള പാറ ഖനനത്തെ തുടര്‍ന്ന് മലയിടിച്ചിലുണ്ടായ ഗ്യാപ് റോഡില്‍ ഇനിയും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. മഴ തുടരുന്ന സാഹചര്യം കണക്കിലെടത്ത് നിലവില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കണമന്നാണ് നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും ആവശ്യം. വന്‍ സ്‌ഫോടനത്തില്‍ ഇളക്കം തട്ടിയ കൂറ്റന്‍ പാറക്കല്ലുകള്‍ താഴോട്ട് പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിശദമായ പഠനം നടത്തി മാത്രമേ നിർമാണത്തിന് അനുമതി നല്‍കാവൂ. പാറ ഖനനത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് സിബി മൂലേപ്പറമ്പില്‍ ആവശ്യപ്പെട്ടു.
സ്‌ഫോടനം നടത്തിയുള്ള പാറഖനനം പാടില്ലെന്ന് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് അവഗണിച്ചാണ് ഇവിടെ പ്രവർത്തനം. മുൻപ് മണ്ണിടിച്ചിലില്‍ കൃഷി ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ നേരിട്ടെത്തി പാറഖനനം തടഞ്ഞിരുന്നു. രണ്ട് തവണയുണ്ടായ മണ്ണിടിച്ചിലില്‍ ഏക്കർ കണക്കിന് കൃഷിയിടം നശിച്ച കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നഷ്ട പരിഹാരവും നല്‍കിയിട്ടില്ല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകരും ആവശ്യപ്പെട്ടു.