ഇടുക്കി : ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. പന്നിയാർ എസ്റ്റേറ്റ് സ്വദേശി ശക്തിവേലിനാണ് ദാരുണാന്ത്യം. കാട്ടാനകളെ ഓടിച്ചുവിടാന്‍ എത്തിയതായിരുന്നു ഇയാള്‍. ഇന്ന് രാവിലെ ഏഴുമണിക്ക് മുന്‍പാണ് സംഭവം നടന്നതെങ്കിലും നാട്ടുകാർ വിവരം അറിഞ്ഞത് ഉച്ചയ്‌ക്ക് 12നാണ്.
സംഭവത്തില്‍, പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. അപകടകാരിയായ അരിക്കൊമ്പനും മൂന്ന് ആനകൾ അടങ്ങുന്ന മറ്റൊരു കൂട്ടവും രാവിലെ മേഖലയിൽ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ ശക്തിവേൽ, ആനകളെ നിരീക്ഷിയ്ക്കുന്നതിനായി എത്തിയപ്പോഴാണ് അപകടം. രാവിലെ കനത്ത മഞ്ഞായിരുന്നതിനാൽ, ആനകളെ ദൂരെ നിന്ന് കാണാൻ സാധിച്ചില്ലെന്നാണ് കരുതുന്നത്.
കൊല്ലപ്പെട്ടത് 40ലധികം പേര്‍ : ശക്തിവേലിനെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ്, തേയിലച്ചെടികൾക്കിടയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടനെ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് നടപടികൾ പൂർത്തിയാക്കാതെ പൊലീസ് എത്തുന്നതിന് മുൻപുതന്നെ മൃതദേഹം ഇവിടെ നിന്നുംമാറ്റിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം കാട്ടാന ആക്രമണം ഉണ്ടായിട്ടുള്ള പ്രദേശമാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ ഉൾപ്പെടുന്ന തോട്ടംമേഖല. രണ്ട് പതിറ്റാണ്ടിനിടെ 40ലധികം ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്.
മേഖലയിലെ ആനകളുടെ രീതികളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ശക്തിവേൽ. മുൻപ് റോഡിലേക്ക് ഇറങ്ങാൻ ശ്രമിച്ച കാട്ടാനയെ ശാസിച്ച് ശക്തിവേൽ ഓടിയ്ക്കുന്ന വീഡിയോ ശ്രദ്ധ നേടിയിരുന്നു. മതികെട്ടാൻ ചോലയിൽ നിന്നുള്ള ആനകളാണ് മേഖലയിൽ നാശം വിതയ്ക്കുന്നത്. ചില്ലിക്കൊമ്പൻ, അരിക്കൊമ്പൻ, ചക്കക്കൊമ്പൻ തുടങ്ങിയ ഒറ്റയാന്മാര്‍ മേഖലയിൽ നാശം വിതയ്ക്കുന്നത് പതിവാണ്.