ഇടുക്കി : ലൈഫ് മിഷൻ പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമാണം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച് ഗുണഭോക്താക്കള്‍. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കോവിൽമലയിൽ വനം വകുപ്പിന്‍റെ നടപടിയ്‌ക്കെതിരെയാണ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ രംഗത്തെത്തിയത്. ഇവര്‍ കാഞ്ചിയാർ ഫോറസ്റ്റ് ഓഫിസിന് മുന്‍പില്‍ ശനിയാഴ്‌ച ആരംഭിച്ച 48 മണിക്കൂര്‍ ധര്‍ണ ഇന്ന് അവസാനിച്ചു.
19 കുടുംബങ്ങളാണ് പ്രതിഷേധിച്ചത്. പല വീടുകളുടെയും നിർമാണം പാതിവഴിയിൽ നിലച്ച നിലയിലാണ്. ഒരു വർഷം മുൻപ് പദ്ധതിയുടെ ആദ്യ ഗഡുവായ 40,000 രൂപ ലഭിച്ചിരുന്നു. വീടിന്‍റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാല്‍, സ്ഥലം തങ്ങളുടെ അധീനതയിൽ ആണെന്ന് കാണിച്ച് വനം വകുപ്പ് രംഗത്തെത്തി. ഇതോടെ, പദ്ധതി അവതാളത്തിൽ ആവുകയായിരുന്നു.
വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയാണെന്നാണ് വനം വകുപ്പിന്‍റെ വാദം. പ്രകടനമായി എത്തിയ ഗുണഭോക്താക്കളെ ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുന്‍പില്‍വച്ച് പൊലീസ് തടഞ്ഞു. സമരക്കാരെ സ്ഥലത്തുനിന്നും മാറ്റാൻ ശ്രമിച്ചത് വാക്കേറ്റത്തിന് ഇടയാക്കി. തങ്ങൾക്ക് വീട് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഇവര്‍ അറിയിച്ചു. തുടര്‍നടപടി ഇല്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് സമരസമിതി വ്യക്തമാക്കി.