ഇടുക്കി: മൂന്നാറിൽ പന്ത്രണ്ട് വയസുകാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്ന് അച്ഛൻ അറസ്റ്റിൽ. മകൾ തന്നെയാണ് ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് ഫോൺ സന്ദേശം നൽകിയത്. കുട്ടിയുടെ പരാതിയെ തുടർന്ന് ഐജിയുടെ നിർദേശപ്രകാരം അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
മൂന്നാറിലെ കണ്ണൻദേവൻ എസ്റ്റേറ്റിലാണ് പീഡനം നടന്നത്. എസ്റ്റേറ്റ് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയെ അച്ഛൻ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. മൂന്നുവർഷം മുമ്പാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ മരണപ്പെടുന്നത്. സ്വന്തം അച്ഛനായതിനാൽ തന്നെ ബന്ധുക്കളോടൊ സുഹൃത്തുക്കളോടോ തുറന്നുപറയാൻ കഴിയാത്ത അവസ്ഥയായിരുന്നു.
അച്ഛന്‍റെ പീഡനം; ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് മകളുടെ സന്ദേശം
ഇതിനിടെ കൊവിഡ് പിടിമുറുക്കിയതോടെ സ്‌കൂൾ തുറക്കാതെയായി. ഇതും പ്രതിക്ക് അനുകൂലമായി മാറുകയായിരുന്നു. ഇയാളുടെ പീഡനം അധികമായതോടെ പെൺകുട്ടി പരിചയത്തിലുള്ള ആരുടെയോ പക്കൽ നിന്നും ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നമ്പർ വാങ്ങി പരാതിപ്പെടുകയായിരുന്നു.
Also Read: ETV BHARAT EXCLUSIVE: മുണ്ടകശ്ശേരി മലയിൽ അപ്രത്യക്ഷമായത് രണ്ടര ലക്ഷവും 15 ചന്ദന മരങ്ങളും
സംഭവത്തിൽ ഐജി ഇടപെടുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടാൻ നിർദേശം നൽകുകയും ചെയ്‌തു. ദേവികുളം എസ്‌ഐ ടി.ബി. വിബിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതി കൃത്യമാണെന്ന് കണ്ടെത്തിയതോടെ പ്രതിയായ അച്ഛനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.