ഇടുക്കി: ജില്ലയിലെ 1453 പോളിങ് ബൂത്തുകളിൽ വോട്ടിങ് പുരോഗമിക്കുന്നു. അദ്യത്തെ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 12 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖരായവരെല്ലാം രാവിലെ തന്നെ സമ്മതിദാന അവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു. ഒമ്പത് ലക്ഷത്തിലധികം വോട്ടർമാരാണ് ജില്ലയിലുള്ളത്. 179 പ്രശനബാധിത ബൂത്തുകളിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഇരുപത്തേക്കർ സേർവ് ഇന്ത്യ എൽ.പി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കേരളത്തിലും ഇടുക്കിയിലും ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന പോളിങ് ശതമാനമാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ഉടുമ്പഞ്ചോലയിലെ ആറ് ബൂത്തുകളിൽ ഇരട്ട വോട്ട് തടയുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ 3213 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.