ഇടുക്കി: ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കും. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ സത്യപ്രതിജ്ഞ 21ന് 11.30നും നടക്കും.
തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാല്‍ ഉടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്‌ത അംഗത്തിന്‍റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ വെച്ച് പ്രസിഡന്‍റ്, ചെയര്‍പേഴ്‌സണ്‍, വൈസ് പ്രസിഡന്‍റ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരണാധികാരികള്‍ നടത്തും. ഇതിനുള്ള നിര്‍ദേശങ്ങള്‍ കമ്മിഷനില്‍ നിന്ന് ഉടന്‍ ഉണ്ടാകുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂര്‍ത്തിയാക്കുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എച്ച്.ദിനേശന്‍ നന്ദി അറിയിച്ചു. നാല് മണിയോടെ ജില്ലയിലെ വോട്ടെണ്ണല്‍ നടപടി പൂര്‍ത്തിയാക്കി ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചവരെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യ വിജയ പ്രഖ്യാപനം ഉണ്ടായത് ഇടുക്കി ജില്ലയിലാണ്. ഫലം പ്രഖ്യാപിച്ച ശേഷം വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്‌തു.