ഇടുക്കി: ജില്ല കലോത്സവത്തിൽ മോണോആക്‌ടിൽ ഒന്നാം സ്ഥാനം നേടി പുഷ്‌പരാജും ഗൗരിയും (Idukki District Kalolsavam, Tamil Monoact First Prize). തമിഴ് വിഭാഗം മോണോ ആക്‌ടിലാണ് ഇരുവരും ഒന്നാം സ്ഥാനം നേടിയത്. വഞ്ചിവയൽ ഗവ. ട്രൈബൽ സ്‌കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്‍റെ മനോവിഷമത്തിലാണ് തമിഴ് പിന്നാക്ക വംശജരായ ഇരുവരും കലോത്സവ നഗരിയോട് വിട പറഞ്ഞത്. ജില്ലാ കലോത്സവത്തിൽ ആദ്യമായാണ് ഇരുവരും പങ്കെടുക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് നേടിയ വിജയവുമായാണ് തങ്ങളുടെ എസ്റ്റേറ്റ് ലയങ്ങളിലേയ്ക്ക് പുഷ്‌പരാജും ഗൗരിയും മടങ്ങുന്നത്.
അരണയ്ക്കൽ എസ്റ്റേറ്റിലെ തൊഴിലാളികളായ രാമകൃഷ്‌ണന്‍റെയും രങ്കമ്മയുടെയും മകനാണ് പുഷ്‌പരാജ്. സ്‌കൂളിലെ അധ്യാപകർ നൽകിയ പ്രചോദനമാണ് കലോത്സവ വേദിയിൽ തന്നെ എത്തിച്ചതെന്ന് പത്താം ക്ലാസുകാരനായ പുഷ്‌പരാജ് പറയുന്നു. വർധിച്ച് വരുന്ന തെരുവുനായ ആക്രമണമായിരുന്നു പുഷ്‌പരാജിന്‍റെ മോണോആക്‌ടിന്‍റെ വിഷയം.
തങ്കമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ മണികണ്‌ഠന്‍റെയും തമിഴ്സെൽവിയുടെയും മൂത്തമകളാണ് ഗൗരി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കരാട്ടെ അണ്ടർ 14 മത്സരത്തിൽ ഉൾപ്പടെ പങ്കെടുത്താണ് ഇപ്പോൾ കലോത്സവേദിയിലേയ്ക്കും എട്ടാം ക്ലാസുകാരി എത്തിയത്. അച്ഛനിൽ നിന്നും പീഡനം ഏൽക്കേണ്ടി വരുന്ന മകളെ അവതരിപ്പിച്ചാണ് തമിഴ് മോണോആക്‌ടിൽ ഗൗരി വിജയം നേടിയത്.
പിന്നാക്കാവസ്ഥയിലുള്ള സ്‌കൂളാണെങ്കിലും അധ്യാപകർക്ക് കുട്ടികളിലുള്ള ആത്മവിശ്വാസമാണ് സ്വന്തം കൈയിൽ നിന്നും പണം മുടക്കി വിദ്യാർഥികളെ ജില്ല കലോത്സവം വരെ എത്തിച്ചത്. തമിഴ് മോണോആക്‌ട് സംസ്ഥാനതലത്തിൽ സർക്കാർ ഉൾപ്പെടുത്താത്തതിനാൽ ജില്ലാ തല വിജയം കൊണ്ട് തൃപിതിപ്പെടണം. പുഷ്‌പരാജിന്‍റെയും ഗൗരിയുടെയും നേട്ടത്തിന് പുറമേ തമിഴ് വിഭാഗത്തിൽ ഉപന്യാസത്തിലും കഥാ രചനയിലും വഞ്ചിവയൽ സർക്കാർ സ്‌കൂളിന് ഒന്നാ സ്ഥാനം നേടാനായതും ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കലോത്സവ വേദികൾ വിദൂര സ്വപ്‌നമായ് നിലനിക്കുന്ന നിരവധി സ്‌കൂളുകളാണ് ജില്ലയിലെ തോട്ടം മേഖലകളിൽ ഉള്ളത്.