ഇടുക്കി: നെടുങ്കണ്ടത്ത് റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ മരം മുറിച്ചത് അനധികൃതമായിട്ടെന്ന് ജില്ലാ ഭരണകൂടം. അപകടകരമായ മരം മുറിക്കുന്നതിന് മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതെന്നും ഇത്തരം മരം മുറിക്കുന്നതിന് കരാറുകാരന്‍ അപേക്ഷ നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുന്നതിന് മുൻപ് തന്നെ മരങ്ങള്‍ മുറിച്ചിരുന്നുവെന്നും കലക്‌ടർ എച്ച്.ദിനേശന്‍ വ്യക്തമാക്കി.
അനുമതിയില്ലാതെ മരം മുറിക്കൽ
നെടുങ്കണ്ടത്ത് റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ വനം വകുപ്പിന്‍റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ച് മാറ്റിയതിനെതിരെ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും എതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ ജില്ലാ കലക്‌ടറുടെ അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നായിരുന്നു കരാറുകാരന്‍റെ വാദം. അതേ സമയം മഴക്കാലത്തിന് മുൻപ് അപകടകരമായ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് മാത്രമാണ് ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയുള്ളതെന്നാണ് ജില്ലാ കലക്‌ടർ വ്യക്തമാക്കുന്നത്.
അപകടകരമായ പത്ത് മരങ്ങള്‍ മുറിക്കുന്നതിന് കരാറുകാരന്‍ അപേക്ഷ നല്‍കുകയും തുടര്‍ നടപടിയുടെ ഭാഗമായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ മരങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനായി സ്ഥലം സന്ദർശിക്കാൻ എത്തുന്നതിന് മുൻപ് തന്നെ മരങ്ങള്‍ മുറിച്ചിരുന്നതായും ജില്ലാ കലക്‌ടര്‍ എച്ച്. ദിനേശൻ പറഞ്ഞു. പതിനെട്ടോളം മരങ്ങളാണ് മുറിച്ചതെന്നും ഇതില്‍ ചിലത് കടത്തുകയും ചെയ്‌തു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ നിജു കുര്യന്‍ ജില്ലാ കലക്‌ടർക്ക് നൽകുകയും ഇത് സര്‍ക്കാരിന് കൈമാറിയതായും കലക്‌ടർ അറിയിച്ചു.
കരാറുകാരനെതിരെ ജില്ലാ ഭരണകൂടം
റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മരങ്ങള്‍ മുറിക്കുകയും കടത്തുകയും ചെയ്‌തതിനെ തുടർന്ന് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ കരാറുകാരനെതിരെ രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ നെടുങ്കണ്ടം പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതിയും നല്‍കി. വിഷയത്തില്‍ വനം വകുപ്പിനൊപ്പം ജില്ലാ ഭരണകൂടവും നടപടികളുമായി മുൻപോട്ട് പോകുമെന്നും കലക്‌ടർ വ്യക്തമാക്കി.
Also Read: ഇടുക്കിയില്‍ റോഡ് നിര്‍മ്മാണത്തിന്‍റെ മറവില്‍ അനധികൃത മരം മുറി