ഇടുക്കി: ഹൈറേഞ്ചില്‍ വര്‍ദ്ധിച്ച് വരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഇടുക്കി ഹൈറേഞ്ചില്‍ ഒരിടവേളയ്ക്ക് ശേഷം കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കാട്ടാന അക്രമണം പ്രതിരോധിക്കുന്നതിന് പല മേഖലകളിലും വൈദ്യുത വേലികളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം നശിച്ച നിലയിലാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മൂന്നാര്‍ ടൗണുകളിലും കാട്ടാന വിളയാട്ടം രൂക്ഷമാണ്. സൂര്യനെല്ലി, ചിന്നക്കനാല്‍, ആനയിറങ്കല്‍, മൂന്നാര്‍ തുടങ്ങിയ മേഖലകളില്‍ നിരവധി വീടുകളും ഏക്കറ് കണക്കിന് കൃഷിയിടങ്ങളും കാട്ടാന നശിപ്പിച്ചു.
ഈ സാഹചര്യത്തില്‍ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് കർഷകരും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ അടിയന്തര ഇടപെടല്‍. പ്രശനത്തിന് പരിഹാരം കാണുന്നതിന് മുന്‍കൈ എടുക്കുണ്ടത് വനം വകുപ്പാണെന്നും അതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പരിഹാര നടപടികളെ കുറിച്ച് ആലോചിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം നാശ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുന്നതിനും ഇത് വേഗത്തിൽ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്‍പോട്ട് വയ്ക്കുന്നുണ്ട്.