ഇടുക്കി: ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് കൈത്താങ്ങായി ജില്ല ഭരണകൂടം. സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി എപിഎൽ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി ജില്ല കലക്‌ടർ നേരിട്ട് എത്തിച്ചു നൽകി.
മുട്ടം പഞ്ചായത്തില്‍ 4-ാം വാര്‍ഡില്‍ പ്ലാത്തോട്ടത്തില്‍ വീട്ടില്‍ മായയുടെ രണ്ടാമത്തെ കുട്ടിയാണ് കുഞ്ഞോന്‍. ഒന്നര മാസം പ്രായമായ കുഞ്ഞിന് തലയില്‍ വെള്ളം കെട്ടുന്ന രോഗമാണ്. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇവരുടെ റേഷന്‍ കാര്‍ഡ് എപിഎല്‍ വിഭാഗത്തില്‍ ആയതിനാല്‍ ചികിത്സക്കായി അഞ്ച് ലക്ഷം രൂപയോളം വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൈത്താങ്ങുമായി ജില്ല ഭരണകൂടം
റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ അല്ലാത്തതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ചികിത്സ സഹായ പദ്ധതികള്‍ക്കും മറ്റ് അനുകൂല്യങ്ങള്‍ക്കും അപേക്ഷിക്കാന്‍ ഈ നിര്‍ധന കുടുംബത്തിന് കഴിഞ്ഞില്ല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുഞ്ഞോന്‍റെ കുടുംബം ശങ്കരപ്പള്ളിയില്‍ മലങ്കര ജലാശയത്തോട് ചേര്‍ന്ന് എംവിഐപിയുടെ പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ കെട്ടിയാണ് താമസിക്കുന്നത്.
ചികിത്സക്കുള്ള പണം കണ്ടെത്താനാവാതെ വന്നതോടെ പഞ്ചായത്ത് അധികൃതരുടേയും പ്രദേശവാസികളുടേയും നേതൃത്വത്തില്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങള്‍ വഴിയും സഹായ അഭ്യര്‍ഥന നടത്തിയിരുന്നു. മാധ്യമങ്ങളിലൂടെ ഇവരുടെ ദുരവസ്ഥ മനസിലാക്കിയ ജില്ല കലക്‌ടര്‍ എപിഎല്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റി ഉത്തരവിറക്കുകയായിരുന്നു.
Also read: മന്ത്രി വാക്കുപാലിച്ചില്ല, സുഭദ്ര കാത്തിരിക്കുകയാണ് മഞ്ഞ റേഷൻ കാർഡിനായി