ഇടുക്കി: ലോക്ക് ഡൗണ്‍ കാലത്ത് വ്യത്യസ്ഥ കൃഷി രീതികൾ പരീക്ഷിക്കുകയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍. ശീതകാല കൃഷിവിളകളില്‍ ഉള്‍പ്പെടുന്ന ഉരുളക്കിഴങ്ങ് കൃഷിയാണ് പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്‌തത്. ഇടുക്കി സേനാപതി പഞ്ചായത്തിലെ ചൂരക്കാട്ടില്‍ ജോണിയെന്ന കര്‍ഷകനാണ് കൃഷിയിറക്കിയത്. സാധരണായി കൃഷി ചെയ്യുന്ന എല്ലാവിളകളും ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തിലുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് കൃഷി പരിപാലനത്തിന് ഏറെ സമയം കിട്ടിയപ്പോളാണ് വ്യത്യസ്ഥമായി ഉരുളകിഴങ്ങ് കൃഷി ചെയ്യാന്‍ ജോണി തീരുമാനിച്ചത്. പുറത്തുനിന്ന് വിത്തെത്തിക്കാന്‍ കഴിയാത്തതിനാല്‍ ടൗണിലെ കടകളില്‍ നിന്നും മുളച്ച് തുടങ്ങിയ നൂറ് കിലോ വിത്ത് വിലക്ക് വാങ്ങി സമീപവാസിയുടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിക്കുകയായിരുന്നു. അരയേക്കറോളം സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി. നൂറ് മേനി വിളവാണ് ലഭിച്ചത്.
ലോക്ക് ഡൗണ്‍ കാലം ഹൈറേഞ്ചിലെ കര്‍ഷകര്‍ ഫലപ്രദമായി വിനിയോഗിച്ചെന്നും കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ ഇനിയും എത്തിച്ച് നല്‍കി കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്നും പഞ്ചായത്തംഗം കെ പി സുരേന്ദ്രന്‍ പറഞ്ഞു. കൃഷിയുടെ ആദ്യഘട്ടം മുതല്‍ വേണ്ട നിര്‍ദേശങ്ങളും സഹായവും എത്തിച്ച് നല്‍കി കൃഷി ഓഫീസര്‍ ബെറ്റ്‌സി മെറീന ജോണും പൊതു പ്രവര്‍ത്തകയായ കെ സി ആലീസും ഇദ്ദേഹത്തിനൊപ്പമുണ്ട്.