ഇടുക്കി: ഇടുക്കി ജില്ലയില്‍ വൃക്കരോഗ ചികിത്സയ്ക്കും പ്രതിരോധത്തിനും കൂടുതല്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തം. ജില്ലയില്‍ നിന്നുള്ള ആയിരത്തിനടുത്ത് രോഗികള്‍ ചികിത്സയ്ക്കായി എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലായി 15 ഇടങ്ങളില്‍ മാത്രമാണ് ഡയാലിസിസ് സൗകര്യം നിലവിലുള്ളത്.
തൊടുപുഴ, ഇടുക്കി ജില്ല ആശുപത്രികളിലും കട്ടപ്പന താലൂക്ക് ആശുപത്രിയിലും മാത്രമാണ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിയ്ക്കുന്നത്. ഇവിടങ്ങളില്‍ 431 രോഗികളാണ് ചികിത്സ തേടുന്നത്. സ്വകാര്യമേഖലയില്‍ 1,200 മുതല്‍ 2,000 രൂപ വരെയാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്.
മാസം അഞ്ചും പത്തും ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെയുണ്ടാകുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനം വര്‍ധിപ്പിച്ചും കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ചും സൗകര്യമൊരുക്കണമെന്നാണ് രോഗികളുടെ ആവശ്യം. ഏഴുലക്ഷത്തോളം രൂപയാണ് ഡയാലിസിസ് യന്ത്രത്തിന്‍റെ വില.
അടിമാലി താലൂക്ക് ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളോടെയും ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഫയര്‍ എന്‍ഒസി ലഭിയ്ക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ നേത്ര ശസ്ത്രക്രിയ തിയേറ്റര്‍, ബ്ലഡ് ബാങ്ക് എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
Also read: ഇടിത്തീയായി ഇന്ധന വില; സംസ്ഥാനത്ത് ഡീസൽ വില 100 കടന്നു