ഇടുക്കി: ഇടുക്കി ഡാമിന്‍റെ (ചെറുതോണി അണക്കെട്ട്) ഷട്ടറുകൾ രാവിലെ 11 മണിയോട് കൂടി തുറക്കും. റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുക. പമ്പ അണക്കെട്ടും ഇടമലയാർ അണക്കെട്ടും ഇതിനോടകം തുറന്നിട്ടുണ്ട്.
രാവിലെ 10.55ന് മുന്നറിയിപ്പ് സൈറൺ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി, ജില്ല കലക്‌ടര്‍ ഷീബ ജോർജ്, വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്‌സിക്യൂട്ടീവ് ആർ ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും.
അവസാനം തുറന്നത് 2018ല്‍
ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെന്‍റീ മീറ്റര്‍ ഉയർത്തും. ഇടുക്കി അണക്കെട്ടിൽ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലം 4-6 മണിക്കൂറിനുള്ളിൽ കാലടി-ആലുവ ഭാഗത്തെത്തും.
രണ്ട് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം വീണ്ടും തുറക്കുന്നത്. പെരിയാർ തീരത്ത് ജാഗ്രത നിർദേശമുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യമെത്തുക ചെറുതോണി ടൗണിലാണ്. കഴിഞ്ഞ തവണത്തെ അത്ര ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു.
ഇടമലയാറും പമ്പയും തുറന്നു
ഇടമലയാർ ഡാമിന്‍റെയും പമ്പ ഡാമിന്‍റെയും രണ്ട് ഷട്ടറുകൾ രാവിലെ തുറന്നു. ഇടമലയാറിൽ രാവിലെ ആറു മണിയോടെ 50 സെന്‍റീ മീറ്റര്‍ വീതമാണ് 2,3 ഷട്ടറുകൾ തുറന്നത്. നിലവിൽ പരമാവധി 80 സെ.മി വീതം ഷട്ടറുകൾ തുറന്ന് സെക്കന്‍റിൽ നൂറ് ക്യുബിക്ക് മീറ്റർ ജലമായിരിക്കും ഒഴുക്കിവിടുക. ആശങ്ക ഉയർത്തുന്ന സാഹചര്യം നിലവിലില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് ഡാം തുറന്നത്.
പമ്പ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ 30 സെന്‍റീ മീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്‌സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാൽ പുഴയിലെ ജലനിരപ്പ് പത്ത് സെന്‍റീ മീറ്ററിൽ അധികം ഉയരാതെ നിലനിർത്താനാണ് ശ്രമം. വീടുകളിൽ വെള്ളം കയറാതിരിക്കാൻ പരമാവധി മുൻകരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്.
നദികളുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ആശങ്ക വേണ്ടെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
Also read: ഇടമലയാർ, പമ്പ ഡാമുകള്‍ തുറന്നു; ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ 11 മണിയോടെ തുറക്കും