ഇടുക്കി: കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി തുടരുന്ന ലോക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ ഇടുക്കി ജില്ലയില്‍ നിയന്ത്രണം ലംഘിച്ചവര്‍ക്കെതിരെ 5959 കേസുകൾ രജിസ്റ്റര്‍ ചെയ്തു. 3244 പേരെ ഇതുവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 1129 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പൊലീസ് മേധാവി പി.കെ മധു പറഞ്ഞു. തൊടുപുഴ സബ് ഡിവിഷനില്‍ 2398 മൂന്നാര്‍ സബ് ഡിവിഷനിൽ 1600 കട്ടപ്പന സബ് ഡിവിഷനില്‍ 1961 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.
അതേ സമയം ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. 223 പേരുടെ നിരീക്ഷണം ഇന്ന് അവസാനിച്ചപ്പോൾ 46 പേർ മാത്രമാണ് പുതിയതായി നിരീക്ഷണത്തിലായത്. ഇതോടെ ജില്ലയിൽ 3497 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 8 പേരുടെ സാമ്പിളുകൾ മാത്രമാണ് എടുത്തത്. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന എല്ലാവരും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇതിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗം ഭേദമായവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ജില്ലയിൽ ബ്രിട്ടീഷ് പൗരനടക്കം പത്തു പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.