ഇടുക്കി: ഭരണഘടനാപരമായ പ്രായപൂർത്തി വോട്ടവകാശം ലഭിക്കുന്നതിന് മുൻപേ വേറിട്ടൊരു ഇലക്ഷൻ അനുഭവം വിദ്യാർഥികൾക്ക് സമ്മാനിച്ചിരിക്കുകയാണ് ഇടുക്കി ചെമ്മണ്ണാറിലെ സെന്‍റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് സംവിധാനങ്ങളോട് സമാനമായ രീതിയിൽ സ്‌കൂളിലെ പാർലമെന്‍റ് ഇലക്ഷൻ നടത്തി വിദ്യാർഥികൾക്ക് വോട്ടു രേഖപ്പെടുത്താൻ അവസരം ഒരുക്കിയതാണ് വേറിട്ട കാഴ്‌ചയായത്. ഇലക്‌ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിഞ്ഞത് വിദ്യാര്‍ഥികൾക്ക് ഭാവി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കുള്ള മുന്നൊരുക്കമായി ഇതോടെ മാറി.
ഓരോ ക്ലാസും പോളിങ് ബൂത്തുകളായി ക്രമീകരിച്ചുകൊണ്ട് പ്രിസൈഡിങ് ഓഫിസറുടെയും പോളിങ് ഓഫിസർമാരുടെയും സഹായത്തോടെ രഹസ്യ ബാലറ്റിലൂടെയാണ് കുട്ടികൾ വോട്ടിങ് നിർവഹിച്ചത്. മീറ്റ് ദ കാൻഡിഡേറ്റിലൂടെ ഓരോ സ്ഥാനാര്‍ഥികളും അവരുടെ വോട്ടുകൾ ഉറപ്പിക്കുകയും ഏജന്‍റുമാരുടെ സഹായത്തോടെ വോട്ടിങ് പ്രക്രിയ സുതാര്യമാണെന്ന് വിലയിരുത്തുകയും ചെയ്‌തു. വോട്ടിങ് കുറ്റമറ്റതാക്കുന്നതിനായി മോക് ഇലക്ഷൻ നടത്തുകയും വോട്ടിങിനെത്തിയ സമ്മതിദായകരുടെ വിരലിൽ മഷി പുരട്ടുകയും ചെയ്‌തു.
98.7 ശതമാനം പോളിങ് രേഖപ്പെടുത്തിയ വോട്ടിങിനു ശേഷം പോളിങ് ഏജന്‍റിന്‍റെ സാന്നിധ്യത്തിൽ വിജയിയെ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഡോ. ലാലു തോമസും അസിസ്റ്റന്‍റ് തെരഞ്ഞെടുപ്പ് കമ്മിഷണർ ജോബി തോമസും സാങ്കേതിക വിഭാഗം മേധാവി റെജിസൺ മാനുവലും തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.