ഇടുക്കി: കനത്ത മഴയിൽ കുമളി- മൂന്നാർ സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. ഉടുമ്പൻചോലയ്ക്കടുത്ത് ചതുരംഗപ്പാറയ്ക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് അഞ്ച് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടത്. നാട്ടുകാരും അധികൃതരും ചേർന്ന് മൂന്ന് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.
വെള്ളിയാഴ്‌ച രാവിലെയാണ് ചതുരംഗപ്പാറയ്ക്ക് സമീപം വെള്ളക്കൽത്തേരിയിൽ വൻ മണ്ണിടിച്ചിലുണ്ടായത്. കല്ലും മരങ്ങളും റോഡിലേക്ക് പതിക്കുകയായിരുന്നു. പത്തടിയോളം ഉയരത്തിലാണ് മണ്ണ് വീണത്. ഇതോടെ അഞ്ച് മണിക്കൂറോളം സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം മുടങ്ങി. ഇരുവശങ്ങളിലുമായി നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടന്നത്. ഉടുമ്പൻചോല, ശാന്തൻപാറ പൊലീസ് അധികൃതർ രാവിലെ തന്നെ സ്ഥലത്ത് എത്തിയിരുന്നു.
ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെകെ സജി കുമാറിന്‍റെ നേതൃത്വത്തിൽ ഡിഫൻസ് ഫോഴ്സിന്‍റെ സഹായത്തോടെ നാട്ടുകാരാണ് മണ്ണ് നീക്കം ചെയ്ത ഗതാഗതം പുനസ്ഥാപിച്ചത്. പത്തടിയോളം ഉയരത്തിൽ മണ്ണ് വീണ് കിടക്കുന്നതിനാൽ പൂർണമായും മണ്ണ് നീക്കം ചെയ്യുവാൻ ആയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ശക്തമായ മഴയാണ് ഉണ്ടായത്.
ഉച്ചക്ക് ശേഷമുള്ള മഴയെ തുടർന്ന് വിവിധയിടങ്ങളിൽ മരം ഒടിഞ്ഞു വീണു വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
ALSO READ: Running train catches fire: മധ്യപ്രദേശില്‍ ഓടുന്ന ട്രെയിന് തീപിടിച്ചു; ആളപായമില്ല