ഇടുക്കി: ജില്ലയിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, ചിന്നാർ ചെക്ക് പോസ്റ്റുകളിൽ പൊലീസ്, എക്സൈയിസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
മദ്യം, മയക്കുമരുന്നുകൾ എന്നിവ അതിർത്തികടന്നെത്തുന്നത് തടയുന്നതിനും ഇരട്ട വോട്ടർമാർ അതിർത്തി കടന്നെത്തുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലുമാണ് പരിശോധന. അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ജില്ലയിലെ അതിർത്തിഗ്രാമങ്ങളിൽ വോട്ടുള്ള തൊഴിലാളികൾ തമിഴ്നാട്ടിലെ തേനി ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ളതിനാൽ അതിർത്തി കടന്നുവരുടെ തിരിച്ചറിയൽ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.