ഇടുക്കി:തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടിലാണ് ഇടുക്കി ജില്ലയിലെ പ്രധാന പഞ്ചായത്തുകളായ നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തൻപാറ, കരുണാപുരം, പാമ്പാടുംപാറ എന്നീ അതിർത്തി പഞ്ചായത്തുകൾ. ജില്ലയിലെ തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന പഞ്ചായത്തുകൾ പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള മുന്നണികളുടെ തെരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും അവസാന ഘട്ടത്തിലാണിപ്പോൾ. എൽഡിഎഫും എൻഡിഎയും സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളിൽ ചർച്ചകൾ തുടരുകയാണ്. ജില്ലയിലെ യുവജന പ്രസ്ഥാനങ്ങളുടെയെല്ലാം അമരക്കാർ അതിർത്തി പഞ്ചായത്തുകളിലാണ് മത്സരിക്കുന്നതെന്നതും ഹൈറേഞ്ചിലെ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വാശിയും വീറും വർധിപ്പിക്കുന്നു.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ ശക്തികേന്ദ്രങ്ങളായ നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ എന്നീ പഞ്ചായത്തുകൾ പിടിച്ചെടുത്ത് മേഖലയിൽ ഇടതിൻ്റെ ആധിപത്യം ഉറപ്പിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. മേഖലയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ഉൾപ്പെടെ യുവജനപ്രസ്ഥാനങ്ങളുടെ ജില്ലാ ബ്ലോക്ക് കമ്മിറ്റി നേതാക്കളെ എൽഡിഎഫ് സ്ഥാനാർത്ഥികളായ് പ്രഖ്യാപിച്ചു കഴിഞ്ഞു.
എന്നാൽ യുഡിഎഫിൻ്റെ സ്ഥാനാർത്ഥി ചർച്ചകൾ തുടരുകയാണ്. ഗ്രൂപ്പുതലത്തിൽ കോൺഗ്രസിൽ സീറ്റുകൾ ധാരണയായെങ്കിലും ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് രംഗത്ത് വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മുകേഷ് മോഹനൻ ബാലഗ്രാം ഡിവിഷനിൽ നിന്നും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ് പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസ് നിലവിൽ ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പുറമെ ശാന്തൻപാറയും ഇത്തവണ വലത്തേയ്ക്ക് മാറുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ.
കരുണാപുരം, പാമ്പാടുംപാറ, വണ്ടൻമേട് പഞ്ചായത്തുകളിൽ എൻഡിഎ സഖ്യം ഭരിക്കുമെന്ന അവകാശവാദങ്ങളുമായി എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തി എൻഡിഎയും പ്രചരണം ആരംഭിച്ചിച്ചു കഴിഞ്ഞു. യുഡിഎഫും കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ കൊവിഡ് കാലത്തും അതിർത്തി ഗ്രാമങ്ങളിൽ തെരഞ്ഞെടുപ്പിന്‍റെ ആവേശ തീപ്പൊരി പാറും.