ഇടുക്കി: ഇടുക്കി ബി എല്‍റാവില്‍ കട്ടാന ശല്യം രൂക്ഷം. രാത്രിയിലെത്തിയ ഒറ്റയാന്‍ ഒരു വീട് പൂര്‍ണമായി തകര്‍ക്കുകയും വയോധികയെ ആക്രമിക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തിൽ തങ്കമ്മാളിനാണ് പരിക്കേറ്റത്. തകര്‍ന്ന വീടിനുള്ളില്‍ നിന്നും നാട്ടുകാര്‍ എത്തിയാണ് തങ്കമ്മാളെ രക്ഷിച്ചത്. കൈക്കും കാലിനും പരിക്കേറ്റ തങ്കമ്മാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ചിന്നക്കനാല്‍ പഞ്ചായത്തിലെ ബി എല്‍റാവില്‍ ഒറ്റയാനിറങ്ങിയത്. ബി എല്‍റാവ് സ്വദേശി ആരോണിന്‍റെ ഉടമസ്തതയിലുള്ള വീടാണ് കാട്ടാന പൂര്‍ണമായി ഇടിച്ചു തകര്‍ത്തത്. പരിക്കേറ്റ തങ്കമ്മാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ബന്ധുക്കളാരുമില്ലാത്ത തങ്കമ്മാള്‍ ഒറ്റയ്ക്കാണ് ഇവിടെ കഴിഞ്ഞ് വന്നിരുന്നത്. രാത്രിയിലെത്തിയ കാട്ടാന മണ്‍ഭിത്തികള്‍ ഇടിച്ച് തകര്‍ത്തതോടെ തങ്കമ്മാള്‍ ഇതിനിടയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ കാട്ടാനയെ ഓടിച്ചതിന് ശേഷം തങ്കമ്മാളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടിക്കടിയുണ്ടാകുന്ന കാട്ടാന ശല്യം കാരണം ഭീതിയോടെയാണ് കഴിഞ്ഞ് കൂടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
മണ്‍ ഭിത്തികള്‍ തകര്‍ന്ന് വീണ് വീടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. ചിന്നക്കനാല്‍, സൂര്യനെല്ലി, ബി എല്‍റാവ് അടക്കമുള്ള മേഖലകളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വംനവകുപ്പ് ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.