ഇടുക്കി: അണക്കരയ്ക്ക് സമീപം വീട് കത്തിനശിച്ചു. പാമ്പുപാറ പുതുമനമേട് പണികണ്ഠ വിലാസം സുബ്രഹ്മണ്യന്റെ വീടാണ് ഇന്നലെ (12.03.2022) രാത്രി എട്ടരയോടെ കത്തി നശിച്ചത്. വീട്ടിൽ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയിൽ നിന്നാണ് തീ പടർന്നത്. വീട്ടില് ഉറങ്ങിക്കിടന്ന നാല് കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. തീപിടിത്തത്തിൽ വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. അപകട സമയത്ത് കൂലിപ്പണിക്കാരനായ സുബ്രഹ്മണ്യനും മകൻ കാർത്തിക്കും വീട്ടിൽ ഉണ്ടായിരുന്നില്ല. ചെറുതോണിയിൽ ജോലിക്ക് പോയിരുന്ന കാർത്തിക്കിനെ ഫോൺ ചെയ്യുന്നതിനായി മാതാവ് വനിത മണി സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് പോയ സമയത്താണ് തീപിടിത്തം ഉണ്ടായത്.
ഈ സമയം കാർത്തിക്കിന്റെ നാല് കുട്ടികൾ വീട്ടിൽ ഉറങ്ങുന്നുണ്ടായിരുന്നു. വീട്ടിൽ നിന്ന് തീ ഉയരുന്നത് തൊട്ടടുത്ത് താമസിക്കുന്ന മകളുടെ ഭർത്താവ് കണ്ടതോടെയാണ് വലിയ ദുരന്തം ഒഴിവായതെന്ന് കാർത്തിക് പറഞ്ഞു. ഉടൻ തന്നെ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. നാല് കുട്ടികൾ ഉൾപ്പെടെ ഏഴ് അംഗ കുടുംബം രണ്ടു മുറി വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ALSO READ: ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസ്: പിതാവ് സജീവൻ അറസ്റ്റിൽ