ഇടുക്കി: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്കടുക്കുമ്പോള്‍ തെരഞ്ഞെടുപ്പിന് വേണ്ടുന്ന ഒരുക്കങ്ങളും ഒരുപടി മുന്നേ തീര്‍ക്കുകയാണ് ഇടുക്കി ജില്ലാ ഭരണകൂടം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഒരുക്കുങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചതും ഇടുക്കി ജില്ലയായിരുന്നു. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലായി 1,292 ബൂത്തുകളാണ് ജില്ലയിൽ ഉള്ളത്. ബൂത്തുകള്‍ എല്ലാം തന്നെ സജ്ജമായി കഴിഞ്ഞു.
മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടരീതിയില്‍ തയ്യാറാക്കാനും ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടോയിലറ്റ് സംവിധാനമില്ലാത്ത ബൂത്തുകളില്‍ താല്‍ക്കാലിക ടോയിലറ്റ് സംവിധാനം ഏര്‍പ്പെടുത്തും. വികലാംഗര്‍ക്കടക്കം വീല്‍ച്ചെയറില്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നതിനും വേണ്ട സംവിധാനങ്ങള്‍ എല്ലാ ബൂത്തുകളിലു ഒരുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നടന്ന് വരികയാണ്.
പോളിംഗ് ഉദ്യോഗസ്ഥന്മാരുടെ നിയമനം ഇന്നത്തോടെ പൂര്‍ത്തിയാക്കും. പതിനഞ്ചാം തീയതി ഉദ്യോഗസ്ഥര്‍ക്കുള്ള ട്രെയ്നിംഗ് ക്യാമ്പുകളും ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കും . ഒരാഴ്‌ചക്കുള്ളില്‍ ട്രെയ്നിംഗ് പൂര്‍ത്തീകരിക്കും. പതിനേഴാം തീയതി വോട്ടിംഗ് യന്ത്രങ്ങൾ എല്ലാ മേഖലകളിലും എത്തിക്കും. മറ്റെല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കലക്‌ടര്‍ എച്ച് ദിനേശന്‍ വ്യക്തമാക്കി.