ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിനടുത്ത് എയർസ്ട്രിപ്പ് നിർമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍. എയർസ്ട്രിപ്പ് നിർമാണം ചോദ്യം ചെയ്‌ത് തൊടുപുഴ സ്വദേശി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാല്‍പര്യ ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയത്. പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് 630 മീറ്റർ മാത്രമകലെയാണ് എയർസ്ട്രിപ്പ് നിർമിക്കുന്നത്.
ഇത് മൃഗങ്ങളുടെ സഞ്ചാരപാതയെ ബാധിക്കുകയും ആവാസ വ്യവസ്ഥയെ തകർക്കുകയും ചെയ്യും. മൃഗങ്ങളുടെ പ്രജനന ശേഷി കുറയ്ക്കുകയും പക്ഷികൾ വരാതെയാകാനും ഇടവരുത്തുമെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാരിസ്ഥിതിക ദുർബല മേഖലയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥകൾ പാലിച്ചില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
പദ്ധതി ആവശ്യമെന്ന് എംപി: പദ്ധതിയ്ക്ക് അനുമതി ലഭ്യമാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെയും വനം പരിസ്ഥിതി മന്ത്രിയേയും നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ രണ്ട് അഭിപ്രായം ഉണ്ടാകാൻ പാടില്ലെന്നും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായിട്ടാണ് വണ്ടിപ്പെരിയാര്‍ സത്രത്തിൽ എയർസട്രിപ്പ് നിർമിക്കുന്നത്. 600 മീറ്റർ റൺവേയുടെയും വിമാനം പാർക്ക് ചെയ്യാനുള്ള ഹാങ്ങറിന്‍റേയും പണികൾ പൂർത്തിയാക്കി.
ഈ മാസം ആദ്യം വിമാനമെത്തിച്ച് പരിശോധന നടത്തിയിരുന്നു. എയർസ്ട്രിപ്പിന്‍റെ ഒരു ഭാഗത്തെ മൺതിട്ട മാറ്റാത്തതിനാൽ വിമാനം ഇറക്കാൻ കഴിഞ്ഞില്ല. സർക്കാരിന്‍റെ വാർഷികത്തോടനുബന്ധിച്ച് എയർസ്ട്രിപ്പിന്‍റെ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് കേന്ദ്ര നീക്കം.