ഇടുക്കി: തോരാതെ പെയ്‌ത മഴയെ തുടര്‍ന്ന് വട്ടവടയില്‍ വൻ കൃഷി നാശം. സ്ട്രോബറി, കാബേജ്, ക്യാരറ്റ് തുടങ്ങിയ വിളവെടുക്കാനിരുന്ന പച്ചക്കറികള്‍ അഴുകി നശിച്ചു. അമ്പത് ശതമാനത്തോളം കൃഷി നാശമുണ്ടായതായികര്‍ഷകര്‍ പറയുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ ശീതകാല പച്ചക്കറികളുടെ കേന്ദ്രമാണ് വട്ടവട. മഴ നില്‍ക്കാത്തതിനാല്‍ ഇത്തവണ കൃഷി ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പ്രദേശത്ത് 50 ശതമാനത്തോളം കൃഷി നശിച്ചു. ലോക്ക്‌ഡൗണ്‍ മുതല്‍ പ്രതിന്ധിയിലായിരുന്ന സ്ട്രോബറി കര്‍ഷകര്‍ക്കാണ് വലിയ തിരിച്ചടിയേറ്റത്.
ALSO READ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആർ.എസ്.എസെന്ന് ആരോപണം
കഴിഞ്ഞ രണ്ട് സീസണിലും സ്ട്രോബറി ഉത്പാദിപ്പിച്ചത് വിറ്റഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ വിനോദ സഞ്ചാര മേഖലയുടെ വിലക്ക് നീങ്ങിയതോടെ പ്രതീക്ഷയിലായിരുന്ന സ്ട്രോബറി കര്‍ഷകര്‍ക്ക് മഴ തിരിച്ചടിയായി. ബാങ്ക് ലോണും വായ്‌പയുമെടുത്ത് കൃഷിയിറക്കിയ കര്‍ഷകർക്ക് തിരിച്ചടവ് മുടങ്ങി.
മുടക്ക് മുതല്‍ തിരിച്ച് കിട്ടാതെ കടക്കെണിയിലായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്നാണ് ആവശ്യം.