ഇടുക്കി: പാലമുണ്ട് റോഡില്ല ഇടമലകുടിയിൽ സ്‌മാരകമായി ഒരു പാലം .പാലം നിര്‍മ്മാണം പൂര്‍ത്തിയായി അരപതിറ്റാണ്ട് പിന്നിടുമ്പോളും അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കാത്തതിനാല്‍ ആര്‍ക്കും പ്രയോജനമില്ലാതെ കാടിനുനടുവില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച് പാലമിപ്പോള്‍ നാശത്തെ നേരിടുകയാണ്. ഇടമലക്കുടി പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ഏറ്റവും പ്രധാനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത് റോഡ് വികസനമായിരുന്നു. അതിനായി പത്തുകോടി രൂപാ അനുവദിക്കുകയും ചെയ്തു.
പിന്നീട് കുത്തിറക്കവും കൊടും വളവും ഉള്ള പ്രദേശത്തെ കയറ്റം കുറയ്ക്കുന്നതിനും സമീപത്തുള്ള തോട്ടിലെ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ അക്കരെ കടക്കാന്‍ കഴിയാതെ വരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുമായി ഇവിടെ പാലം പണികഴിപ്പിച്ചു. എന്നാല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയായി അഞ്ച് വര്‍ഷം പിന്നിടുമ്പോളും അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുപോലുമില്ല. റോഡ് നിര്‍മ്മാണത്തിനായി കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് പത്തുകോടി രൂപ അനുവധിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ ഇതും എങ്ങുമെത്തിയിട്ടില്ല. ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാല്‍ ഇടമലക്കുടിയിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇത് തിരിച്ചടിയായി മാറുന്നു.