ഇടുക്കി: ഇലന്തൂരിലെ ആഭിചാരക്കൊല കേരളത്തെ നടുക്കിയതാണ്. സമാനതകളില്ലാത്ത ക്രൂരതയും പണത്തോടുള്ള ആർത്തിയുമാണ് നരബലിക്ക് പിന്നിൽ. സമ്പന്നരാകാൻ ദുർമന്ത്രവാദവും ആഭിചാരവും കൂട്ടുപിടിച്ചപ്പോൾ പത്തനംതിട്ടയിലെ നരബലിക്ക് ഇരയായത് രണ്ട് സ്ത്രീകളാണ്.
മൃഗീയ ക്രൂരതയാണ് നരബലിയുടെ രൂപത്തില്‍ പത്തനംതിട്ടയില്‍ സംഭവിച്ചത്. എന്നാൽ, കേരളത്തിൽ ഇതിന് മുൻപും ആഭിചാരക്രിയകളും ദുരാചാരങ്ങളും മനുഷ്യ കുരുതിയിലേയ്ക്ക് നയിച്ചിട്ടുണ്ട്. നാല് പേരുടെ ജീവനെടുത്ത ഇടുക്കി കമ്പകക്കാനം കൂട്ട കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. നിധികുംഭങ്ങള്‍ തേടിയും ഇടുക്കിയിലെ ഗ്രാമങ്ങളില്‍ മുന്‍പ് നരബലികൾ നടന്നിട്ടുണ്ട്.
ഇടുക്കി കമ്പകക്കാനം കൂട്ട കൊലപാതകം: 2018 ജൂലൈ 29ന് രാത്രിയിലാണ് കേരളത്തെ ഞെട്ടിച്ച കമ്പകക്കാനം കൂട്ട കൊലപാതകം നടന്നത്. കമ്പകക്കാനം സ്വദേശി കാനാട്ട് കൃഷ്‌ണനേയും ഭാര്യ സുശീലയേയും മക്കളായ ആര്‍ഷയേയും അര്‍ജുനെയും കൊലപെടുത്തി കുഴിച്ചു മൂടുകയായിരുന്നു. തലയ്ക്കടിച്ചും വെട്ടിയുമാണ് കൊല നടത്തിയത്. ശേഷം, രണ്ടര അടിമാത്രം നീളമുള്ള കുഴിയില്‍ ഇവരെ കുഴിച്ചിട്ടു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ഇവരെ കാണാതെ വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാത വിവരം പുറത്തറിയുന്നത്.
മന്ത്രവാദിയായ കൃഷ്‌ണനെയും കുടുംബത്തെയും, ശിഷ്യനായ അടിമാലി കൊരങ്ങാട്ടി സ്വദേശി അനീഷിന്‍റെ നേതൃത്വത്തിലാണ് കൊലപെടുത്തിയത്. കൃഷ്‌ണനോടൊപ്പം വീട്ടില്‍ താമസിച്ചിരുന്ന അനീഷ് മന്ത്ര വിദ്യകള്‍ ശീലിച്ചിരുന്നെങ്കിലും മാന്ത്രിക കര്‍മങ്ങള്‍ ഫലിച്ചിരുന്നില്ല. ഇത് കൃഷ്‌ണന്‍ കാരണമെന്ന് വിശ്വസിക്കുകയും ശക്തി ലഭിയ്ക്കുന്നതിനും താളിയോല ഗ്രന്ഥങ്ങള്‍ കൈപ്പറ്റുന്നതിനുമായി കൊലപാതകങ്ങൾ നടത്തുകയായിരുന്നു.
അനീഷിനൊപ്പം സുഹൃത്തുക്കളായ ലിബീഷ്, ശ്യാം പ്രസാദ്, സനീഷ് എന്നിവരാണ് പ്രതികളായുള്ളത്. ഒരു വര്‍ഷത്തിന് ശേഷം സമര്‍പ്പിച്ച കുറ്റ പത്രത്തില്‍ സ്വര്‍ണാഭരണങ്ങളും പണവും കവരുന്നതിനുള്ള കൊലപാതകങ്ങള്‍ എന്നാണ് വിവരിയ്ക്കുന്നത്. കേസിലെ ഒന്നാം പ്രതി അനീഷ്, പിന്നീട് വിഷം കഴിച്ച് മരിച്ചു.
നിധി കുംഭം തേടി നരബലി: ഇടുക്കിയെ ഞെട്ടിച്ച് മുന്‍പും നരബലികള്‍ നടന്നിട്ടുണ്ട്. 1981 ഡിസംബര്‍ 17നാണ് അടിമാലി പനംകുട്ടിയിലെ സോഫിയയുടെ കൊലപാതകം നടന്നത്. നിധി കുഭം തേടിയുള്ള കുടുംബത്തിന്‍റെ ആഭിചാരക്രിയകളുടെ ഫലമായിരുന്നു കൊലപാതകം. ഭര്‍ത്താവ് മോഹനനും കുടുംബാംഗങ്ങളും ചേര്‍ന്ന് സോഫിയയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ച് മൂടി. ദേവ പ്രീതിയ്ക്കായാണ് കുടുംബം നരബലി നടത്തിയത്. ബലിയിലൂടെ നിധി കുംഭം സ്വന്തമാക്കാനാവുമെന്നായിരുന്നു വിശ്വാസം.
എട്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയതും നിധി കുംഭം തേടി: നാലര പതിറ്റാണ്ട് മുന്‍പ് രാമക്കല്‍മേട് കോമ്പമുക്കില്‍ നടന്ന കൊലപാതകം കേരളത്തെ ഞെട്ടിച്ച സംഭവമാണ്. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് എട്ടാം ക്ലാസുകാരനായ റഹ്മത്ത് എന്ന കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. നിധി ലഭിയ്ക്കുമെന്ന വിശ്വാസത്തിലാണ് ബാലനെ ക്രൂരമായി കൊലപെടുത്തിയത്.
താന്‍ കൊല്ലപെടുമെന്ന് കുട്ടി സംശയ്ക്കുകയും സംഭവത്തിന് മുന്‍പ് സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്‌തിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് രഹസ്യ ഭാഗങ്ങളില്‍ കമ്പി കുത്തി ഇറക്കിയാണ് ബാലനെ അതിക്രൂരമായി അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മരണത്തിലേയ്ക്ക് നയിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രവാദികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
വീണ്ടും നരബലികള്‍ക്ക് കേരളം സാക്ഷ്യം വഹിയ്ക്കുമ്പോള്‍ ഈ നടുക്കുന്ന ഓര്‍മകള്‍ ഇന്നും അന്ധവിശ്വാസങ്ങളും ദുരാചരങ്ങളും പിടിമുറുക്കിയിരിക്കുന്ന സമൂഹത്തിന് നേരെയുള്ള ചോദ്യ ചിഹ്നങ്ങള്‍ കൂടിയാണ്.