ഇടുക്കി: ശക്തമായ കാറ്റിനെ തുടര്‍ന്ന് കുളമാവിന് സമീപമുള്ള റോഡിലേക്ക് മരം കടപുഴകി വീണു. മരം വീഴുന്നത് കണ്ട് നിര്‍ത്തിയ ബൈക്കില്‍ പിന്നാലെയെത്തിയ വാഹനം ഇടിച്ചു. ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. ചെറുതോണി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് റോഡരികിലെ മരം കടപുഴകി വീണത്. അപകടത്തിന് പിന്നാലെ ഒരു മണിക്കൂറോളം റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിയത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ച് നീക്കിയതിന് ശേഷമാണ് റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
മഴക്കാല പൂര്‍വ്വ മുന്നൊരുക്കത്തിന്‍റെ അഭാവമെന്ന് പരാതി: കാലവര്‍ഷത്തിന് മുന്നോടിയായ അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി റോഡരികിലെ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് കലക്‌ടര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ നിര്‍ദേശങ്ങള്‍ പലയിടത്തും നടപ്പിലാകുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കാലവര്‍ഷം എത്തിയതോടെ ദിവസം തോറും നിരവധി മരങ്ങളാണ് സംസ്ഥാന പാതയിലേക്ക് പതിക്കുന്നതും ഗതാഗതം തടസപ്പെടുന്നതും.
തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ ഇത്തരത്തില്‍ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങള്‍ നിരവധിയാണ്. വാഹനത്തിലെത്തുന്ന യാത്രികര്‍ ജീവൻ പണയം വച്ച് വേണം ഈ മഴക്കാലത്ത് മേഖലയിലൂടെ സഞ്ചരിക്കാൻ.
മഴക്കാലമായതോടെ വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണും കൊമ്പുകൾ ഒടിഞ്ഞും റോഡ് ഗതാഗതം തടസപ്പെടുകയാണ്. വാഹനങ്ങളുടെ മുകളിൽ വരെ മരം വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി തവണ വൈദ്യുതി ലൈനുകൾ തകരുകയും വാഹനങ്ങൾ അപകടത്തില്‍പ്പെടുകയും ചെയ്‌തിട്ടുണ്ട്. സംസ്ഥാന പാതയില്‍ ഇത്തരം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് നീക്കണമെന്ന് ജില്ല ഭരണകൂടത്തിന്‍റെ നിർദേശമുണ്ടായിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ അധികൃതർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നതാണ് വസ്‌തുത. ദുരന്ത നിവാരണ നിയമം അനുസരിച്ച് പഞ്ചായത്ത് ട്രീ കമ്മിറ്റിയും വില്ലേജ് വികസന സമിതിയുമാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്. എന്നാൽ അധികൃതര്‍ ഇതിന് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അടൂരിലും സമാന സംഭവം: അടൂരില്‍ ഏതാനും ദിവസം മുമ്പാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് ബൈക്കിന് മുകളില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. മണക്കാല സ്വദേശിയായ മനു മോഹനനാണ് (34) മരിച്ചത്. അടൂര്‍ മണ്ണടിയില്‍ ചൂരക്കോട് കളത്തട്ട് ജങ്‌ഷന് സമീപമാണ് അപകടമുണ്ടായത്. റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കവേയാണ് അപ്രതീക്ഷിതമായി മരം കടപുഴകി വീണത്. മരം ബൈക്കിന് മുകളില്‍ വീണതോടെ മനു റോഡിലേക്ക് തെറിച്ച് വീണു. ഗുരുതര പരിക്കേറ്റ മനു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.