ഇടുക്കി: ബസിൻ്റെ ഹൈഡ്രോളിക് വാതിലിനിടയില്‍ കുടുങ്ങി വീട്ടമ്മയുടെ കാലിന് ഗുരുതര പരിക്കേറ്റു. അടിമാലി വള്ളപ്പടി സ്വദേശിയായ 47കാരി രാജമ്മക്കാണ് പരിക്കേറ്റത്. അടിമാലി പണിക്കന്‍കുടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ രാജമ്മ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബസില്‍ വലിയ തിരക്കായിരുന്നതിനാല്‍ വാതിലിനോട് ചേര്‍ന്ന് നിന്നാണ് യാത്ര ചെയ്തിരുന്നത്.
തിരക്കായതിനാൽ ഇടക്ക് ആളുകൾ ഇറങ്ങുവാന്‍ വേണ്ടി താന്‍ ഇറങ്ങി കൊടുത്തെന്നും തിരികെ കയറുന്ന സമയം ജീവനക്കാര്‍ വാതിലടച്ചതാണ് അപകടത്തിന് ഇടവരുത്തിയതെന്നും രാജമ്മ പറയുന്നു. ബഹളം വച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ വാതില്‍ ബസിന്‍റെ തുറന്നതെന്നും കാല്‍ മുറിഞ്ഞ് രക്തം വന്നെങ്കിലും ബസ് നിര്‍ത്താനോ വിവരമാരായാനോ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും രാജമ്മ പരാതിപ്പെടുന്നു. വീട്ടിലെത്തിയ രാജമ്മയെ ബന്ധുക്കള്‍ ചേര്‍ന്ന് പിന്നീട് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. സംഭവം ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു.