ഇടുക്കി : ശാന്തൻപാറയിൽ കൂന്തപ്പനത്തേരിയിൽ വീടിന് തീ പിടിച്ച് വീട്ടുപകരണങ്ങളും കുട്ടികളുടെ പഠന സാമഗ്രികളും കത്തിനശിച്ചു. കൂന്തപ്പനത്തേരി സ്വദേശി പി. മാരിമുത്തുവിന്‍റെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read: മറയൂര്‍ ചന്ദന ഇ-ലേലം: ലോട്ടുകളാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് വനംവകുപ്പ്
സംഭവം നടക്കുമ്പോൾ മാരിമുത്തു, ഭാര്യ ചെന്താമര, മകൾ മണിമേഖല എന്നിവർ വീടിന് സമീപത്തെ കൃഷിയിടത്തിലായിരുന്നു. മണിമേഖലയുടെ മക്കളായ വസന്തും വാസുവും മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് മാരിമുത്തു ഓടിയെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തീ പടരുന്നത് കണ്ടത്. വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും മൂന്ന് അലമാരകളും കട്ടിലും രണ്ട് മൊബൈൽ ഫോണുകളും കത്തിനശിച്ചു.
ശാന്തൻപാറയിലെ സ്വകാര്യ സ്‌കൂളിൽ ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വസന്തിനും വാസുവിനും ഓൺലൈൻ പഠനത്തിനുവേണ്ടി സമീപകാലത്ത് വാങ്ങിയ ഫോണുകളും പാഠപുസ്‌തകങ്ങളുമാണ് കത്തി നശിച്ചത്. ഇതോടെ വിദ്യാർഥികളുടെ ഓൺലൈൻ പഠനവും മുടങ്ങിയ അവസ്ഥയിലാണ്.