ഇടുക്കി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ പച്ചക്കറി വികസന പദ്ധതിയിലെ 'ഓണത്തിന് ഒരുമുറം പച്ചക്കറി' വിഭാഗത്തിലെ പ്രഥമ പുരസ്‌കാരം വീട്ടമ്മയ്‌ക്ക്. കട്ടപ്പന പിരിയാനിക്കല്‍ ലൂസി തോമസിനാണ് ജില്ലയിലെ മികച്ച കർഷകയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചത്. വീട്ടുവളപ്പിലും പറമ്പിലുമായി ഇരുപത്തിയാറിൽപ്പരം പച്ചക്കറികളാണ് വീട്ടമ്മ സ്വന്തമായി കൃഷി ചെയ്യുന്നത്. പാവല്‍, പടവലം, അച്ചിങ്ങ പയര്‍, ബീന്‍സ്, വഴുതന, വെണ്ടയ്ക്ക, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, കെയില്‍ ചീര, തക്കാളി, ഉള്ളി, സവാള, കറിവേപ്പില, മല്ലിയില, മത്തങ്ങ, കോവയ്ക്ക, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, ഏത്തവാഴ, ഇഞ്ചി, മഞ്ഞള്‍, കാന്താരി, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
വീട്ടിലെ ആവശ്യത്തിനുള്ള എല്ലായിനം പച്ചക്കറികളും സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി പുറത്തുനിന്ന് പച്ചക്കറികള്‍ ഒന്നും വാങ്ങുന്നില്ല. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും നല്‍കി മിച്ചമുള്ളത് കട്ടപ്പനയിലെ കാര്‍ഷിക വിപണിയിലേക്കും നല്‍കും. സ്വന്തമായി ഉല്‍പ്പാദിപ്പിച്ച പിരിയന്‍ മുളകും മഞ്ഞളും പൊടിച്ച് ഉപയോഗിക്കും. ജൈവ കൃഷിരീതി അവലംബിക്കുന്നതിനാല്‍ ഇവ ശരീരത്തിനും ഏറെ ഗുണപ്രദമാണ്. വളമായി പച്ചിലകള്‍ക്കുപുറമെ വേപ്പിന്‍ പിണ്ണാക്കും ചാണകവും മണ്ണിര കമ്പോസ്റ്റുമാണ് ഉപയോഗിക്കുന്നത്. കീടരോഗ പ്രതിരോധത്തിനായി വേപ്പെണ്ണയും വെളുത്തുള്ളി കഷായവും ഉപയോഗിക്കുന്നു. പച്ചക്കറി കൃഷിയുടെ യഥാര്‍ത്ഥ പ്രയോജനം ഉണ്ടായത് ലോക്ക് ഡൗണ്‍ കാലത്താണെന്നും ആ സമയം കൃഷി കൂടുതല്‍ സജീവമാക്കാന്‍ കഴിഞ്ഞതായും ലൂസി പറഞ്ഞു.