ഇടുക്കി: ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ വൈരഭനും കുടുംബവും വീടിനായി കാത്തിരിക്കാൻ തുടങ്ങിട്ട് ഒരു വർഷം പിന്നിടുന്നു. എ.എൽ.റ്റി ഹരിജൻ കോളനിയിൽ ആകെയുള്ള നാല് സെന്‍റ് സ്ഥലത്ത് മണ്ണും കല്ലും ഉപയോഗിച്ച് നിർമിച്ച കൂര 2019ലെ പേമാരിയിൽ നിലംപൊത്തി. തുടർന്ന് സമീപത്ത് തന്നെ ഒരു ഷെഡ് കെട്ടിയാണ് താമസം.
പ്രളയക്കെടുതിയുടെ കണക്കെടുപ്പിന്‍റെ ഭാഗമായി വില്ലേജ് അധികൃതർ സ്ഥലത്തെത്തി വൈരഭന്‍റെയും കുടുംബത്തിന്‍റെയും ദയനീയ അവസ്ഥ നേരിൽ കണ്ടെങ്കിലും നാളിതുവരെ ഒരു ആനുകൂല്യവും കുടുബത്തിന് ലഭിച്ചില്ല. അധികൃതർ കനിയണമെന്ന ആവശ്യവുമായി സമീപവാസികളും രംഗത്തെത്തിയിട്ടുണ്ട്. പുറംപോക്ക് ഭൂമിയിലെ വീടുകൾക്ക് പോലും പ്രളയക്കെടുതിയുടെ നഷ്‌ടപരിഹാരം നൽകുമ്പോൾ ഉദ്യോഗസ്ഥ അനാസ്ഥ മൂലം അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്നാണ് ആരോപണം.