ഇടുക്കി: സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മമാരെയും പെൺകുട്ടികളെയും ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശി രഞ്ജിത്ത് ആർ.പിള്ള ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അജയ്.ആർ എന്ന പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥർ ധരിക്കുന്ന യൂണിഫോം ധരിച്ച യുവാക്കളുടെ ആകർഷക ചിത്രങ്ങൾ പ്രൊഫൈൽ ചിത്രമാക്കിയായിരുന്നു രഞ്ജിത്ത് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് കോയമ്പത്തൂരിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
2018ൽ രഞ്ജിത്ത് പൂനെയിൽ പട്ടാളക്കാരുടെ കാൻ്റീനിൽ ജോലി ചെയ്തിരുന്നു. പ്രതിയുടെ ഭാര്യ സഹോദരൻ പട്ടാളത്തിലാണ്. ഇതിന് ശേഷം കോയമ്പത്തൂരിലെത്തി പെയിൻ്റിങ് ജോലി ചെയ്യുന്നതിനിടെയാണ് പെൺകുട്ടികളെയും വീട്ടമ്മമാരെയും തട്ടിപ്പിനിരയാക്കിയത്.
500 മുതൽ 10000 രൂപ വരെ രഞ്ജിത്ത് പലരിൽ നിന്നായി തട്ടിയെടുത്തു. തട്ടിപ്പിന് മാത്രമായി ഒരു ഫോണും രഞ്ജിത്തിനുണ്ടായിരുന്നു.
നവ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റുകൾ അയച്ച് വീട്ടമ്മമാരായും വിദ്യാർഥിനികളെയും സൗഹൃദത്തിലാക്കും. ഇതിന് ശേഷം സൗഹൃദത്തിലായവരുടെ ചിത്രങ്ങൾ ശേഖരിച്ച ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും.
എന്നാൽ പ്രതി ഒരു തവണ പോലും വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു. പ്രതി തട്ടിപ്പിന് ഉപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തു.
Also Read: Mullaperiyar dispute: മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി 22ലേക്ക് മാറ്റി