ഇടുക്കി: കൊവിഡ് സമൂഹ വ്യാപനം തടയാന്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ ഒരുക്കി അടിമാലി ജനമൈത്രി പൊലീസ്. അടിമാലി ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഹോം ഡെലിവറി പദ്ധതിക്ക് അടിമാലിയില്‍ തുടക്കമായി. രാവിലെ 10 മുതല്‍ 4 വരെയാണ് ഹോം ഡെലിവറിക്കായി സമയം ക്രമീകരിച്ചിട്ടുള്ളത്.
നിങ്ങള്‍ സുരക്ഷിതരായി വീട്ടിലിരിക്കു നിങ്ങള്‍ക്കാവശ്യമുള്ളത് ഞങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കാം എന്ന സന്ദേശവുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അടിമാലി പൊലീസ് കൂടുതല്‍ ജാഗരൂഗരാവുകയാണ്. കൊവിഡ് രോഗബാധയേല്‍ക്കാനുള്ള സാഹചര്യം പൂര്‍ണമായി ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിര്‍ദേശിച്ചിട്ടുള്ള ഫോണ്‍ നമ്പരില്‍ വിളിച്ച് സാധനങ്ങള്‍ ഓഡര്‍ ചെയ്യാവുന്നതാണ്. പ്രവര്‍ത്തകര്‍ ആളുകള്‍ പറയുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിച്ച് നല്‍കും. സാധനങ്ങള്‍ കൈമാറിയ ശേഷം ബില്‍ തുകയും യാത്ര കൂലിയും നല്‍കിയാല്‍ മതിയാകും. നാല് വാഹനങ്ങളാണ് പദ്ധതിക്കായി ക്രമീകരിച്ചിട്ടുള്ളത്.