ഇടുക്കി : മൂന്നാറിൽ നിർമാണങ്ങൾക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മൂന്നാർ മേഖലയിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നതിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിലക്കേർപ്പെടുത്തി. മൂന്നാറിലെ പരിസ്ഥിതി കൈയ്യേറ്റമുൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേകമായി രൂപീകരിച്ച ബഞ്ചിന്‍റേതാണ് ഇടക്കാല ഉത്തരവ്.
മൂന്നാർ മേഖലയിൽ കെട്ടിട നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്‍റെ എതിർപ്പില്ലാ സർട്ടിഫിക്കറ്റ് വേണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് ലംഘിക്കപ്പെട്ടുവെന്നാരോപിച്ചുള്ള ഹർജികളിലാണ് മൂന്നോ അതിൽ കൂടുതൽ നിലകളുള്ള കെട്ടിട നിർമാണത്തിന് ഹൈക്കോടതി താത്‌കാലിക വിലക്കേർപ്പെടുത്തിയത്.
മൂന്നാർ പ്രദേശത്തുള്ള ഒന്‍പത് പഞ്ചായത്തുകളിലാണ് നിയന്ത്രണമുള്ളത്.
ഹർജികളിൽ ഈ ഒന്‍പത് പഞ്ചായത്തുകളെ കൂടി കക്ഷി ചേർത്തിട്ടുണ്ട്. വിഷയത്തിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെയും നിയമിച്ചു. മൂന്നാറിൽ പാരിസ്ഥിതികാഘാത പഠനം നടത്താൻ ഏത് ഏജൻസിയെ നിയോഗിക്കണമെന്ന് പ്രത്യേകം അറിയിക്കാൻ സർക്കാരിനും അമിക്കസ് ക്യൂറിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.
മൂന്നാറില്‍ തീര്‍പ്പാക്കാന്‍ നിരവധി പ്രശ്‌നങ്ങള്‍ : മൂന്നാർ വിഷയങ്ങൾ പരിഗണിക്കാൻ ചീഫ് ജസ്‌റ്റിന്‍റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക ബഞ്ചിന്‍റേതാണ് നടപടി. ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, സോഫി തോമസ് എന്നിവരാണ് മൂന്നാറിലെ വിഷയങ്ങൾ പരിഗണിക്കുന്നത്. കൈയ്യേറ്റമുൾപ്പടെ സംബന്ധിച്ച നിരവധി ഹർജികൾ തീർപ്പാക്കാതെ കിടക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ബഞ്ച് രുപീകരിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.
അനധികൃത ടെന്‍റ് ക്യാമ്പുകള്‍ക്കെതിരെ നടപടി : അതേസമയം, ചിന്നക്കനാല്‍- സൂര്യനെല്ലി മേഖലകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്‍റ് ക്യാമ്പുകള്‍ക്കെതിരെ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് നടപടിയെടുത്തിരിക്കുകയാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന 26 സെന്‍റ് ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടിസ് നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് ടെന്‍റുകള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
ചിന്നക്കനാല്‍ - സൂര്യനെല്ലി മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി ടെന്‍റ് ക്യാമ്പുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷന്‍ എസ്‌എച്ച്ഒ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് കത്ത് നല്‍കിയിട്ടുണ്ട്. മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്യാമ്പുകളെ സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. മേഖലയില്‍ 26 അനധികൃത ടെന്‍റ് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും ക്യാമ്പുകളില്‍ എത്തുന്ന ആളുകള്‍ക്ക് മദ്യവും മയക്കുമരുന്നും എത്തിച്ച് നല്‍കുന്നതിനൊപ്പം അനാശാസ്യ പ്രവര്‍ത്തനങ്ങളും മറ്റും നടന്നുവരുന്നതായും പൊലീസിന് വിവരം ലഭിച്ചതായാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
കൂടാതെ ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളും ഉഗ്രവിഷമുള്ള ഇഴജന്തുക്കളും വ്യാപകമായി ഈ പ്രദേശത്ത് ഉള്ളതിനാല്‍ യാതൊരു സുരക്ഷയും ഇല്ലാതെയാണ് വിനോദസഞ്ചാരികളെ പാര്‍പ്പിക്കുന്നതെന്നും അപകട സാധ്യത കൂടുതലുള്ളതിനാല്‍ ഇത്തരം ടെന്‍റ് ക്യാമ്പുകളെ സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടികള്‍ സ്വീകരിത്തണമെന്നും ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിന് നല്‍കിയ കത്തില്‍ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അന്വേഷണം ആരംഭിച്ചത്.
അതേസമയം, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെന്‍റ് ക്യാമ്പുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും അനധികൃതമായി പ്രവര്‍ത്തിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സിനി ബേബിയും വ്യക്തമാക്കി. നടപടിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ഉടമകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ടെന്‍റുകള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് പഞ്ചായത്തിന്‍റെ തീരുമാനം.