ഇടുക്കി : ഗാഡ്‌ഗില്‍, കസ്തൂരിരംഗൻ റിപ്പോർട്ടുകളെ എതിർത്തത് തെറ്റായിപ്പോയെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍റെ നിലപാടിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി. കർഷകരെ അപമാനിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ആരോപിച്ചു. അതിജീവനത്തിനായി ചെറുത്തുനില്‍പ്പ് നടത്തിയ പശ്ചിമ ഘട്ടത്തിലെ ജനങ്ങളെ സുധാകരന്‍ അധിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.
കർഷകരോട് പ്രതിബദ്ധത ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് പരാമര്‍ശം. കപട പരിസ്ഥിതി വാദത്തിന്റെ വക്താവാകാനാണ് അദ്ദേഹത്തിന് താല്‍പര്യം. റിപ്പോർട്ടുകളെ കർഷക ജനത എതിർത്തത് അവർ പരിസ്ഥിതി വിരുദ്ധർ ആയതിനാലല്ല. മറിച്ച് അവ നടപ്പിലായാൽ തങ്ങൾക്ക് ഇവിടെ ജീവിക്കാനാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ്. ചർച്ചകൾ നടത്താതെ ഏകപക്ഷീയമായി ഉണ്ടാക്കിയ റിപ്പോർട്ട് കാർഷിക വൃത്തിക്ക് കര്‍ശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതായിരുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളും, സംസ്ഥാന സർക്കാരുകളും കർഷക നിലപാടിനെ അംഗീകരിച്ചതാണ്. ഇപ്പോൾ മറിച്ചുപറയുന്നത് മറ്റെന്തോ ലക്ഷ്യംവച്ചാണ്. കർഷകരോട് പ്രതിബദ്ധത കാട്ടാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും നിലനില്‍പ്പില്ലെന്ന കാര്യം അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നതായും സമിതി രക്ഷാധികാരികളായ ആർ മണിക്കുട്ടൻ, സി കെ മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി എന്നിവർ അറിയിച്ചു.