ഇടുക്കി: ഭൂവിനിയോഗ ഉത്തരവിന് വ്യക്തത വരുത്താനായി സർക്കാർ ഇറക്കിയ ഭേദഗതി ഉത്തരവ് ആശങ്ക വർധിപ്പിക്കുന്നതാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. പട്ടയഭൂമിയിൽ വാണിജ്യ ആവശ്യങ്ങൾക്ക് നിർമാണം അനുവദിക്കണം എന്നാവശ്യപ്പെട്ട് നാളെ ഹൈറേഞ്ച് സംരക്ഷണ സമിതി കട്ടപ്പനയിൽ ഉപവാസ സമരം സംഘടിപ്പിക്കും. 101 പേരടങ്ങുന്ന സംഘം സമരത്തിൽ പങ്കെടുക്കും. രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെയാണ് ഉപവാസ സമരം. ജില്ലയിലെ പട്ടയ വിഷയത്തിൽ നടപടി ഉണ്ടാക്കണമെന്നാണ് സമിതിയുടെ ആവശ്യം.
1964 ലെ ഭൂപതിവ് ചട്ടങ്ങളുടെയും 1993 ലെ പ്രത്യേക ചട്ടങ്ങളുടെയും നാലാം ചട്ടം ഭേദഗതി ചെയ്യണം. ഇടുക്കി ജില്ലയിൽ അനധികൃത കൈയ്യേറ്റ ഭൂമിയായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കോട്ടയം ജില്ലയുടെ ഭാഗമായ വാഗമൺ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ബാധകമല്ല. ഇത് ജില്ലയോടുള്ള വിവേചനമാണെന്നും സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. ജില്ല മുഴുവൻ ബാധകമാകുന്ന ഉത്തരവ് മൂന്നാറിലെ എട്ട് വില്ലേജുകളിൽ പരിമിതപ്പെടുത്തിയത് സ്വാഗതാർഹമാണ്. എന്നാൽ വില്ലേജുകളിൽ പലതും കാർഷിക മേഖലകളായതിനാൽ നിയമം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആരോപിച്ചു.