ഇടുക്കി : സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിൽവന്നതോടെ ഇടുക്കിയിലെ ഹൈഡല്‍ ടൂറിസം മേഖല പൂർണ്ണമായും നിലച്ചു. സര്‍വ്വീസ് നിര്‍ത്തിയ സ്പീഡ് ബോട്ടുകളടക്കം തുരുമ്പെടുത്ത് നശിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം വിനോദ സഞ്ചാര മേഖല പ്രവർത്തനമാരംഭിച്ചാലും ലക്ഷങ്ങള്‍ മുടക്കിയ ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും അറ്റകുറ്റപണികൾ നടത്തേണ്ടി വരും.
മൂന്നാറിലെ മാട്ടുപെട്ടി, കുണ്ടള, ആനയിറങ്കല്‍, പൊന്‍മുടി, ചെങ്കുളം എന്നിവടങ്ങളിലാണ് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാമായി ബോട്ടിങ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണില്‍ സമസ്ഥ മേഖലകളും നിശ്ചലമായതോടെ സ്പീഡ് ബോട്ടുകള്‍ കരക്കടുപ്പിച്ചു. പ്രതിദിനം ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന ഹൈഡല്‍ ടൂറിസം പദ്ധതികള്‍ ഇന്ന് ലക്ഷങ്ങളുടെ ബാധ്യതയിലേക്ക് എത്തിയിരിക്കുകയാണെന്ന് ഹൈഡല്‍ ടൂറിസം ജീവനക്കാരനായ ആശംസ് പറഞ്ഞു.